മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി സ്വദേശി ഹാജിമാരും മറ്റും മിനയോട് യാത്ര പറഞ്ഞു. രണ്ട് ദിവസത്തെ കല്ലേറ് പൂർത്തിയാക്കി അസ്തമയത്തിന് മുൻപ് മിനയുടെ അതിർത്തി കടന്നവർക്കാണ് ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാവുക. മറ്റുള്ളവർ മൂന്നാം ദിവസത്തെ കല്ലേറ് പൂർത്തിയാക്കി നാളെ മിനയിൽ നിന്നും മടങ്ങും.
രണ്ടാം ദിവസത്തെ കല്ലേറ് പൂർത്തിയാക്കി മിനയിൽ നിന്നും നേരത്തെ മടങ്ങാനുള്ള തിരക്കുകൾക്കിടയിലാണ് മുൻ കാലങ്ങളിൽ അപകടങ്ങൾ സംഭവിച്ചിരുന്നത്. വളരെ ശാന്തമായ അന്തരീക്ഷത്തിലാണ് ഹാജിമാർ ഇന്ന് മിനയോട് യാത്ര പറയുന്നത്. ഹജ്ജ് മന്ത്രാലയങ്ങളുടെയും സുരക്ഷാ സേനയുടെയും ജാഗ്രതയോടെയുള്ള ഇടപെടലുകളാണ് സുഗമമായ രീതിയിൽ ഹാജിമാർക്ക് കർമ്മങ്ങൾ പൂർത്തിയാക്കാൻ സാധിച്ചത്. കനത്ത ചൂട് ഹാജിമാർക്ക് വെല്ലുവിളി ആയെങ്കിലും അന്തരീക്ഷം തണുപ്പിക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾ ഏറെക്കുറെ ഹാജിമാർക്ക് ആശ്വാസമായി.