ന്യൂദല്‍ഹി: ലോക്സഭ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യ മുന്നണിയുടെ യോഗത്തിലാണ് ഈ തീരുമാനം. ഇത് സംബന്ധിച്ച കത്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയഗാന്ധി പ്രോടെം സ്പീക്കര്‍ക്ക് നല്‍കി. ഇന്ത്യാ മുന്നണി യോഗത്തിലെ തീരുമാനം കെ സി വേണുഗോപാലാണ് മാധ്യമങ്ങളെ അറിയിച്ചത്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കക്ഷി കോണ്‍ഗ്രസ് ആയതിനാല്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ആശങ്കകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യപ്പെട്ടു പ്രവര്‍ത്തകസമിതിയും ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു.
വയനാട്ടില്‍ നിന്നും 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലും രാഹുല്‍ ഗാന്ധിയുടെ വിജയം നേടിയിരുന്നു. വയനാട് എം പി സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരാന്‍ രാഹുൽ തീരുമാനിക്കുകയായിരുന്നു.