കണ്ണൂർ: സി പി എം സംസ്ഥാന സമിതി അംഗവും മുതിർന്ന നേതാവുമായ പി ജയരാജന്റെ മകനെതിരെ കടുത്ത ആരോപണവുമായി മനു തോമസ്. പി ജയരാജന്റെ മകൻ ജയിൻ രാജിന് ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘവുമായി അടുത്ത ബന്ധമുണ്ടെന്നാണ് മനുവിന്റെ ആരോപണം. സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗവും അടുത്തിടെ പാർട്ടിയിൽ നിന്നും പുറത്തുപോയ യുവനേതാവുമായ മനു തോമസാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
ജയിൻ രാജാണ് ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും ഉൾപ്പെട്ട സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുന്നതെന്നാണ് മനുവിന്റെ ആരോപണം. ക്വട്ടേഷൻ സംഘങ്ങൾക്ക് സിപിഎമ്മിന്റെ സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നും വഴിവിട്ട ബിസിനസ് ബന്ധങ്ങൾ പി ജയരാജന്റെ കുടുംബത്തിനുണ്ടെന്നും മനു വ്യക്തമാക്കി.
റെഡ് ആർമി എന്ന നവമാധ്യമ കൂട്ടായ്മ നിയന്ത്രിക്കുന്നത് ജയിൻ രാജാണ്. പി ജയരാജനെ പുകഴ്ത്തി ഇടക്കിടെ പോസ്റ്റുകൾ ഇടുന്നത് ഈ ഗ്രൂപ്പിലാണ്. പാർട്ടിയിലെ ഫാൻസുകാരെ തൃപ്തിപ്പെടുത്താനാണ് ജയരാജൻ തനിക്കെതിരെ കഴിഞ്ഞ ദിവസം പോസ്റ്റിട്ടത്. തനിക്ക് ക്വട്ടേഷൻ സംഘത്തിന്റെ വധഭീഷണിയുണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു ചാനലിനോട് പ്രതികരിച്ചു.
സി പി എമ്മിലെ ചിലരുടെ തണലിലാണ് ക്വട്ടേഷൻ സംഘങ്ങൾ വളർന്നത്. പിന്നീട് ഇവർ പാർട്ടിക്ക് തലവേദനയായി മാറുകയായയിരുന്നു. വൈകിയാണെങ്കിലും ഇക്കാര്യം മനസിലാക്കി പാർട്ടി പിന്നീട് തിരുത്തലിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യുവജന കമ്മീഷൻ അധ്യക്ഷനും കണ്ണൂരിൽ നിന്നുള്ള യുവനേതാവുമായ എം ഷാജിറിനെതിരെ പാർട്ടിയിൽ പരാതി നൽകിയിരുന്ന കാര്യവും മനു സ്ഥിരീകരിച്ചു.
ഈ സംഘങ്ങളുമായെല്ലാം ഷാജിറിന് ബന്ധമുണ്ടെന്നും തന്നെ കൊലപ്പെടുത്താൻ ഇവരുടെ ഗ്രൂപ്പുകളിൽ ആലോചന നടന്നതിന്റെ തെളിവ് പാർട്ടിക്ക് നൽകിയിട്ടുണ്ടെന്നും മനു പറഞ്ഞു. തനിക്ക് സുഹൃത്തുക്കളുമായി ചേർന്ന് നടത്തുന്ന ബിസിനസ് സംരംഭങ്ങളുണ്ടെന്നും മനു പറഞ്ഞു.