തിരുവനന്തപുരം: കണ്ണൂർ വിവാദങ്ങളിൽ സി പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. കണ്ണൂരിൽനിന്ന് വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. അധോലോകത്തിന്റെ സഹയാത്രികർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അധോലോകത്തിന്റെയും സ്വർണം പൊട്ടിക്കുന്നതിന്റെയും കഥകൾ ഇടതു പക്ഷത്തെ വേദനിപ്പിക്കുന്നതാണ്. തെരെഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനേറ്റ തിരിച്ചടിയിൽ ഇവർക്ക് വലിയ പങ്കുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
കണ്ണൂരില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കമ്മ്യൂണിസ്റ്റ് കുടുംബത്തെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും വിപ്ലവ പാരമ്പര്യമുള്ള മണ്ണാണത്. അവിടെ നിന്നും പുറത്തു വരുന്ന കഥകള്‍ സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റേതുമാണ്. പാരട്ടിക്കും ചെങ്കൊടിക്കും അപമാനമാണിത്.
അധോലോകത്തിന്റെ കാര്യസ്ഥരാണ് നവ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവരെന്നത് ഇടതുപക്ഷത്തിന്റെ ബന്ധുക്കള്‍ക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരം രക്ഷകരുടെ പങ്കും ചെറുതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇത്തരം വേഷം കെട്ടുകാരിൽ നിന്നും ബോധപൂര്‍വം അകല്‍ച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാന്‍ സാധിക്കുകയുള്ളൂവെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.