24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

ജനങ്ങളിൽ നിന്നും പഠിക്കും; തെറ്റായ പ്രവണതകൾ വെച്ച് പൊറുപ്പിക്കില്ല -സി പി എം

കോഴിക്കോട്: തെറ്റായ ഒരു പ്രവണതയും പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പാർട്ടിയിലെ ഒരു ഘടകത്തിലും തെറ്റായ പ്രവണതകളും രീതികളും  അം​ഗീകരിക്കില്ല. തെറ്റായ നിലപാട് സ്വീകരിച്ച ഒരാൾക്കും പാർട്ടിയിൽ പിന്നെ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്ര ചെറുവണ്ണൂരിലെ സി.ജി. അനുസമരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ പ്രവണതയും രീതിയും പാർട്ടി അം​ഗീകരിക്കില്ല. പാർട്ടിയുടെ മേൽ തട്ട് മുതൽ താഴെ വരെ ഏത് ഭാ​ഗത്തായാലും കോഴിക്കോട്ടോ  കണ്ണൂരിലോ  തൃശ്ശൂരിലോ  ആയാലും ഇത്തരം പ്രവർത്തങ്ങൾ ചെറുത്ത് പരാജയപ്പെടുത്തുമെന്നും വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങളോടുള്ള മുഴുവൻ ബാധ്യതയും കൊടുത്തു തീർക്കാൻ  ഇടതുപക്ഷ മുന്നണിക്ക് കഴിയും. സർക്കാരും  ആ നിലപാട് സ്വീകരിക്കും. സർക്കാരും പാർട്ടിയും ചേർന്ന്  വർ​ഗ കാഴ്ചപ്പാടോടുകൂടി കേരളത്തെ മുന്നോട്ടു കൊണ്ടുപോകും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്  ജനങ്ങളിൽനിന്ന് പഠിക്കും, ​ഗോവിന്ദൻ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ താൽക്കാലികമായെങ്കിലും ബിജെപി വിജയിക്കാൻ  കാരണം കോൺഗ്രസ് ആണ്,  ഇന്ത്യ സഖ്യത്തെ ഒന്നിച്ച് മുന്നോട്ടു കൊണ്ടു പോയിരുന്നെങ്കിൽ ഇന്ത്യ മുന്നണിക്ക് അധികാരത്തിൽ വരാൻ സാധിക്കുമായിരുന്നു. ബിജെപി വിരുദ്ധ സർക്കാർ അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിലാണ്  കേരളത്തിലെ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തെന്നും സർക്കാറിന്റെ സാമ്പത്തിക പ്രയാസങ്ങളും  സിപിഎമ്മിന് വോട്ട് കുറയാൻ കാരണമായെന്നും ​ഗോവിന്ദൻ പറഞ്ഞു.

കരുതിക്കൂട്ടിയുള്ള പ്രചാരവേലകളാണ് പാർട്ടിക്ക് എതിരായി നടക്കുന്നതെന്ന്  അദ്ദേഹം ആരോപിച്ചു. പാരട്ടിക്ക് ഓഫീസും  സ്വന്തമായി ഭൂമിയും കെട്ടിടവും ഉണ്ട്. കരുവന്നൂരിനെ ചാരി സിപിഎമ്മിനെ വേട്ടയാടുകയാണ്. ഇ ഡി നടപടികളെ  നിയമപരമായി തന്നെ നേരിടും.  ജനങ്ങളുടെ ചിലവിലാണ് പാർട്ടി കെട്ടിടം നിർമിച്ചതെന്നും അത്  കണ്ടുകെട്ടാൻ ആർക്കും ആകില്ല ഗോവിന്ദൻ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles