ലഖ്‌നൗ: ഹാഥ്‌റസില്‍ മതചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. വിരമിച്ച ഹൈക്കോടതി ജഡ്ജിക്കായിരിക്കും അന്വേഷണത്തിന്റെ ചുമതല. ദുരന്തത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി അറിയിച്ചു. ഹാഥ്‌റസ് ദുരന്തത്തില്‍ പരിക്കേറ്റവരേയും മരിച്ചവരുടെ കുടുംബത്തേയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗ്ര എ.ഡി.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ നിന്നും പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. വിശദമായ അന്വേഷണങ്ങൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൂരന്തത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ആറ് പേരുൾപ്പടെ121 പേരാണ് മരണപ്പെട്ടത്. യു പിക്കു പുറമേ, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മരിച്ചവരിലുണ്ട്. 31 പേര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടേയും നിലഗുരുതരമല്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.