ന്യൂദല്‍ഹി: കേന്ദ്ര ബജറ്റ് ഈ ജുലൈ 23ന് അവതരിപ്പിക്കും. ബജറ്റിന്റെ മുൻപുള്ള പാര്‍ലമെന്റ് സമ്മേളനം ഈ മാസം 22 മുതല്‍ ആഗസ്റ്റ് 12 വരെ നടക്കും. പാര്‍ലിമെന്ററികാര്യ മന്ത്രിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ആദായ നികുതി സ്ലാബുകളിളെ മാറ്റങ്ങളാണ് ഏവരും പ്രതീക്ഷിക്കുന്നത്. മൂന്നാം മോദി സര്‍ക്കാറിന്റെ പ്രഥമ സമ്പൂര്‍ണ ബജറ്റാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിന്റെ പ്രത്യേകത. ജിഎസ്ടിയില്‍ സേവന ഇളവുകളും നികുതി നിരക്കുകളും പരിഷ്‌കരിക്കുന്നതിന് നിരവധി ശുപാര്‍ശകള്‍ വിദഗ്ധര്‍ ധനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
കേന്ദ്ര ബജറ്റ് ജൂലൈ 23ന് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതിക്ക് രാഷ്ട്രപതി അംഗീകരിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും
തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഇടക്കാല ബജറ്റായിരുന്നു നേരത്തെ അവതരിപ്പിച്ചത്. അതിനാൽ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങളോ പദ്ധതികളോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ സമ്പൂര്‍ണ ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവാൻ സാധ്യത ഏറെയാണ്. തൊഴിലന്വേഷകരായ യുവാക്കള്‍ക്കും സാധാരണക്കാര്‍ക്കുമായി ബജറ്റില്‍ എന്തൊക്കെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നതുമാണ് രാജ്യം ശ്രദ്ധിക്കുന്നത്.