വയനാട്: തലപ്പുഴയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് സംശയം. തണ്ടർബോൾട്ട് സംഘം നടത്തിയ പരിശോധനയിലാണ് മാവോയിസ്റ്റുകൾ ഉപേക്ഷിച്ചതെന്ന് കരുതപ്പെടുന്ന സാധന സാമഗ്രികൾ കണ്ടെത്തിയത്.
സംഘം ഉൾവനത്തിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യ വസ്തുക്കളുടെ കവറുകളും മാവോയിസ്റ്റുകളുടേത് എന്ന് കരുതുന്ന യൂണിഫോം, ടോർച്ച് , ടെന്റ് കെട്ടാൻ ഉപയോഗിച്ച ടാർപ്പോളിൻ ഷീറ്റുകൾ എന്നിവയാണ് കണ്ടെത്തിയത്.
വിരലടയാള വിദഗ്ധരും, എടിഎസും, ഡോഗ് സ്ക്വാഡും, ഉന്നത പോലീസ് ഉദ്യോഗസ്ഥരും തലപ്പുഴയുയിൽ പരിശോധന നടത്തി. മക്കിമലയിൽ അടുത്തിടെ കുഴി ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ പോലീസിന്റെയും തണ്ടർബോൾട്ടിന്റെയും നേതൃത്വത്തിൽ കർശന പരിശോധന നടത്തിവരികയായിരുന്നു.
അതിനിടെയാണ് മാവോയിസ്റ്റുകൾ ഉപേക്ഷിച്ചതെന്ന് കരുതുന്ന സാധന സാമഗ്രികൾ പരിശോധനയിൽ കണ്ടെത്തിയത്. വയനാട്, കണ്ണൂർ ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു.