28.8 C
Saudi Arabia
Monday, July 7, 2025
spot_img

ആഡംബര മോഷ്‌ടാവ്‌ ബണ്ടി ചോർ വീണ്ടും കേരളത്തിൽ?. ജാഗ്രത പാലിക്കുക.

ആലപ്പുഴ : അതീവ സുരക്ഷാ സംവിധാനങ്ങൾ മറികടന്നു മോഷണം നടത്തുന്നു കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ (ദേവിന്ദർസിങ്) കേരളത്തിൽ വീണ്ടും എത്തിയെന്നു സംശയം. ആലപ്പുഴ ജില്ലയിലെ വണ്ടാനത്തെ ഒരു ബാറിൽ ബണ്ടി ചോരിനെ കണ്ടതായ സംശയത്തെ തുടർന്ന് സി സി ടി വി പരിശോധിച്ചപ്പോൾ രൂപസാദൃശ്യമുള്ളയാൾ എത്തിയതായി കണ്ടെത്തി. ഇതിനെ തുടർന്ന് അടച്ചിട്ട വീടുകളിലും ധനകാര്യ സ്ഥാപനങ്ങളിലും, എടിഎമ്മുകളിലും മറ്റും നിരീക്ഷണം നടത്തണമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സ്റ്റേഷനുകളിലേക്ക് നിർദേശം നൽകി. ജനങ്ങളും ജാഗ്രത പാലിക്കുന്നതോടൊപ്പം എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചു.

തിങ്കളാഴ്ചയാണ് ഇയാൾ ബാറിലെത്തിയത്. പുറത്തു ബാഗ് തൂക്കിയിട്ട, മുഴുക്കൈ ടീഷർട്ട് ധരിച്ചയാൾ ബിയർ കുടിക്കുന്ന ദൃശ്യങ്ങളാണു ബാറിൽ നിന്നു ലഭിച്ചത്. സമ്പന്നരുടെ വീടുകൾ കണ്ടുവച്ച ശേഷം ആഡംബര വസ്തുക്കളും മുന്തിയ കാറുകളും അവിടെ നിന്നു മോഷ്ടിക്കുകയാണ് ഇയാളുടെ രീതി. 2013ൽ തിരുവനന്തപുരം നഗരത്തിലെ വീടിനുള്ളിൽ കയറി ആഡംബര കാർ, ലാപ്ടോപ്, 2 മൊബൈൽ ഫോൺ എന്നിവ കവർന്നിരുന്നു. തുടർന്ന് പിടിയിലായ ഇയാൾ പത്ത് വർഷത്തെ തടവിന് ശേഷം പുറത്തിറങ്ങിയ ശേഷവും കൊള്ളയും വാഹന മോഷണവും തുടർന്നു. ഇന്ത്യയിൽ പലയിടത്തായി ഇയാൾക്കെതിരെ 500ൽ പരം കേസുകളുണ്ട്.

Related Articles

- Advertisement -spot_img

Latest Articles