ന്യൂദൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ ഇന്ന് സുപ്രീംകോടതിയുടെ നിർണായക തീരുമാനമുണ്ടാകും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുനഃപരീക്ഷ സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കും. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച ഹരജിയിൽ കേന്ദ്രവും എന്‍ടിഎയും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമെന്നാണ് രണ്ട് സത്യവാങ്മൂലങ്ങളിലും പറഞ്ഞിട്ടുള്ളത്. അന്വേഷണ പുരോഗതി സംബന്ധിച്ച് സിബിഐയും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പരീക്ഷയുടെ പവിത്രത സൂക്ഷിക്കാനായില്ലെങ്കിൽ പുനഃപരീക്ഷ നടത്താമെന്ന നിലപാടിൽ സുപ്രീംകോടതി എത്തുമെന്നാണ് മനസ്സിലാവുന്നത്.
നീറ്റ് പരീക്ഷാഫലത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് കേന്ദ്രവും, ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ ദൃശ്യങ്ങൾ വ്യാജമാണെന്ന് എൻടിഎയും നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഗ്രോധ,പട്ന എന്നിവിടങ്ങളിൽ മാത്രം ഒതുങ്ങുന്ന ക്രമക്കേടുകളാണ് നടന്നതെന്നും ചിലയിടങ്ങളിൽ മാത്രമാണ് ചില വിദ്യാർഥികൾ തെറ്റായ കാര്യങ്ങൾ നടത്തിയതെന്നും ഇതു പരീക്ഷാ നടപടികളെ പൂർണമായി ബാധിക്കുന്നില്ലെന്നും എൻടിഎ പറയുന്നു. മാർക്ക് നൽകിയതിലും റാങ്ക് ലിസ്റ്റിലും അപകാതയില്ലെന്നും ഗ്രേസ് മാർക്ക് പ്രശ്നങ്ങൾ പരിഹരിച്ചെന്നും എൻടിഎ കോടതിയെ അറിയിച്ചു.