ബെര്‍ലില്‍: യുവേഫ യൂറോകപ്പ് കീരിടം സ്പെയിൻ സ്വന്തമാക്കി. ഫൈനല്‍ മൽസരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. മികേല്‍ ഒയര്‍സബാലും നികൊ വില്ല്യംസും സ്പെയിന് വേണ്ടി ഗോളുകള്‍ നേടി. കൊലെ പാല്‍മറാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോള്‍ നേടിയത്.
കളിയുടെ തുടക്കം മുതല്‍ സ്പെയിനിന്റെ ആധിപത്യം പ്രകടമായിരുന്നു.പലതവണ ഇംഗ്ലീഷ് ഗോള്‍ പോസ്റ്റ് വരെ സ്പാനിഷ് മുന്നേറ്റങ്ങൾ എത്തിയെങ്കിലും ഗോളുകളൊന്നും പിറന്നില്ല. ഒന്നാം പകുതി ഗോളുകള്‍ പിറക്കാതെ അവസാനിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്പെയിന്റെ മുന്നേറ്റം ഇംഗ്ലണ്ടിന്റെ ഗോൾ വല കുലുക്കി. കളിയുടെ 47-ാം മിനിറ്റില്‍ നികോ വില്ല്യംസിന്റെ ഗോളോടെ സ്പെയിന് മുന്നിലെത്തി.
മറുപടി ഗോളിനായുള്ള കനത്ത പോരാട്ടമാണ് ഇംഗ്ലീഷ് താരങ്ങള്‍ കാഴ്ചവെച്ചത്. സ്പാനിഷ് ഗോള്‍മുഖത്തേക്ക് പലതവണ അവര്‍ ഇരച്ചെത്തി. മത്സരത്തിന്റെ 73-ാം മിനിറ്റില്‍ കൊലെ പാല്‍മര്‍ ഇംഗ്ലണ്ടിന് സമനില നേടി കൊടുത്തു. ബോക്സിന് പുറത്ത് നിന്ന് തൊടുത്ത പാൽമറിന്റെ തകര്‍പ്പന്‍ ഷോട്ട് സ്പാനിഷ് ഗോളി ഉനയ് സൈമന് തടുക്കാനായില്ല.
ഫൈനൽ മൽസരത്തിന്റെ വീറും വാശിയും പുറത്തിറക്കി ഇരുടീമുകളും ആക്രമണം കടുപ്പിക്കുന്ന കാഴ്ചയായിരുന്നു. പന്ത് ഇരു ഗോള്‍മുഖത്തേക്കും ഇരച്ചു കയറിയിറങ്ങി. ഒടുവില്‍ 86-ാം മിനിറ്റില്‍ സ്പാനിഷ് താരം മികേല്‍ ഒയര്‍സബാലിന്റെ ഷോട്ട് ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്ഫോര്‍ഡിനെ മറികടന്ന് ഗോള്‍വലയിലെത്തി.
സമനിലക്ക് വേണ്ടി പൊരുതിയ ഇംഗ്ലണ്ടിന് അത് നേടാനായില്ല. ഒരിക്കല്‍ കൂടി യൂറോപ്പിന്റെ രാജാക്കന്മാരായി സ്പെയിന് മാറിയതായി റഫറി ഫൈനല്‍ വിസില്‍ മുഴക്കി. എല്ലാ മത്സരങ്ങളും വിജയിച്ചാണ് സ്പെയിന് യൂറോപ്പിന്റെ ചാമ്പ്യന്മാരായത്.
ഫ്രാന്‍സ്, ജര്‍മ്മനി, ക്രൊയേഷ്യ ഉൾപ്പടെ വമ്പന്മാരെല്ലാം സ്പാനിഷ് പടയോട്ടത്തില്‍ കളിക്കളത്തിൽ വീണു. 1964, 2008, 2012 ലും കിരീടം നേടിയ സ്പെയിന് നാലാം തവണയാണ് യൂറോ കിരീടം സ്വന്തമാക്കുന്നത്.