കോഴിക്കോട്: താമരശേരിയിലെ മൊബൈൽ ഷോപ്പ് ഉടമ ഹർഷാദിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ. തട്ടി കൊണ്ടുപോവാൻ ഉപയോഗിച്ചെന്നു കരുതുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. അടിവാരത്ത് നിന്നും കാറിൽ തട്ടിക്കൊണ്ടുപോയ ഹർഷാദിനെ വയനാട് വൈത്തിരിയിൽ നിന്നുമാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ഹർഷാദിനെ വൈത്തിരിയിൽ ഇറക്കി വിടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് ചെറുപറ്റ സ്വദേശി ഹർഷാദിനെ കാണാതാവുന്നത്. അടിവാരത്തെ ഭാര്യവീട്ടിലെത്തിയ ഹര്‍ഷദിന് രാത്രി 12ഓടെ ഫോൺ കാൾ വരികയും സംസാരിച്ചു പുറത്തേക്ക് പോവുകയുമായിരുന്നു. ശേഷം തിരികെ വന്നില്ല. കോഴിക്കോട് മൂഴിക്കലില്‍ മൊബൈല്‍ ഷോപ്പ് നടത്തി വരികയായിരുന്നു ഹർഷദ്.
ശനിയാഴ്ച രാവിലെയും രാത്രിയുമായി പലതവണ ഭാര്യ ഫോണ്‍ വിളിച്ചപ്പോള്‍ മലപ്പുറത്താണെന്നും കൂടെയുള്ളവര്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു മറുപടി. തുടർന്നാണ് ഹർഷദിനെ തട്ടികൊണ്ടു പോയെന്ന് കാണിച്ച് ഭാര്യ ഷഹല താമരശേരി പോലീസില്‍ പരാതി നൽകുന്നത്. കാരാടി സ്വദേശിയുമായി ഹർഷദിന് 10 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നും ഇത് തിരികെ കിട്ടാനാകാം തട്ടികൊണ്ടു പോയതെന്നുമാണ് പോലീസിന്റെ നിഗമനം.