ന്യൂദൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷക്ക് സുപ്രീംകോടതി സ്റ്റേ. ജസ്റ്റീസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതിയുടെ മനഃശാസ്ത്ര, ജയിൽ സ്വഭാവ റിപ്പോർട്ട് എട്ട് ആഴ്ചക്കകം ഹാജരാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോഗിച്ചു മനശാസ്ത്ര പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതിയുടെ ജയിലിലെ പെരുമാറ്റത്തെ കുറിചുള്ള റിപ്പോർട്ട് വിയ്യൂർ ജയിൽ അധികൃതർ സമർപ്പിക്കണം.
വധശിക്ഷക്ക് എതിരെ പ്രവർത്തിക്കുന്ന സംഘടനയാണ് പ്രതിക്കായി സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിയെ ജയിലിൽ സന്ദർശിച്ച് സംസാരിക്കാൻ നൂരിയ അൻസാരിയെ കോടതി ചുമതലപ്പെടുത്തി. കേസിൽ അന്തിമ ഉത്തരവ് വരുന്നതുവരെ സ്റ്റേക്ക് പ്രാബല്യമുണ്ടാവുമെന്ന് കോടതി വ്യക്തമാക്കി. സ്റ്റേ സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ അഭിഭാഷകനോട് ജയിൽ സൂപ്രണ്ടിന് കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു.
2016 ഏപ്രിൽ 28നാണ് ആലുവ പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്. കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി വധശിക്ഷ ശരിവച്ചത്.