റിയാദ് : ഹജ്ജ് സീസൺ പ്രമാണിച്ച് നിർത്തിവെച്ച സൗദി ടൂറിസ്റ്റ് വിസ അടുത്തമാസം മുതൽ പുനഃരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. അപേക്ഷകർക്ക് ഓഗസ്റ്റ് മുതൽ വിസ അനുവദിച്ചുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അബഹ നഗരത്തിന് പടിഞ്ഞാറ് അൽഅസീസ ഗ്രാമത്തിലെ അബു ഫറജ് പൈതൃക കൊട്ടാരത്തിൽ ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഹജ്ജ് സീസണിൽ ടൂറിസ്റ്റ് വിസ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 2019ലാണ് 44 രാജ്യങ്ങൾക്ക് ഓൺലൈനായി ടൂറിസ്റ്റ് വിസ അനുവദിക്കാൻ തുടങ്ങിയത്. മറ്റ് രാജ്യങ്ങളിൽ നിന്ന് ആവശ്യമുണ്ടായതിനെതുടർന്ന് രാജ്യങ്ങളുടെ എണ്ണം 66 ആയി ഉയർത്തി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വിസ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി സൗദി മാറിക്കഴിഞ്ഞുവെന്ന് ഇ-വിസയുടെ സ്വാധീനത്തെ കുറിച്ച് സംസാരിക്കവേ മന്ത്രി പറഞ്ഞു.
വിനോദസഞ്ചാരത്തിനായി ഒരു വർഷം വരെ കാലാവധിയുള്ള വിസയാണ് അനുവദിക്കുന്നത്. തുടർച്ചയായി 90 ദിവസമാണ് രാജ്യത്തിന് തങ്ങാനുള്ള അനുമതി. ഒരു വർഷത്തിനിടെ എത്ര തവണയും ഈ വിസയിൽ രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരാം. എന്നാൽ രാജ്യത്ത് തങ്ങുന്ന ആകെ ദിവസങ്ങളുടെ 90 മാത്രമായിരിക്കും. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഒന്നിലധികം തവണ സന്ദർശന വിസ നേടാനുള്ള അവസരമുണ്ട്. ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ പോർട്ടൽ വഴിയോ സൗദിയിൽ എത്തുമ്പോൾ എയർപ്പോർട്ടിലെ പാസ്പോർട്ട് സെക്ഷനിലെ ‘വിസ ഇഷ്യൂവൻസ് ഔട്ട്ലെറ്റു’കൾ വഴിയോ ഓൺലൈനായി ടൂറിസ്റ്റ് വിസിറ്റ് വിസ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.