റിയാദ് : രാജ്യത്തിന്റെ ഗതാഗത സംവിധാനം തന്നെ മാറ്റി മറിക്കുന്ന കരാറുമായി സൗദി. എയർ ടാക്സികൾ വാങ്ങുന്നതിനുള്ള അന്തിമ കരാറിൽ സൗദി ഒപ്പിട്ടു. ജർമൻ കമ്പനിയായ ലിലിയം കമ്പനിയിൽനിന്ന് 100 ‘ഇവിഡോൾ’ വിമാനങ്ങൾ വാങ്ങാൻ സൗദിയ ഗ്രൂപ്പും ലിലിയം കമ്പനിയും തമ്മിൽ കരാർ ഒപ്പുവെച്ചു. വെർട്ടിക്കലായി ടേക്കോഫും ലാൻഡിങ്ങും നടത്താൻ കഴിയുന്ന ആദ്യത്തെ ഇലക്ട്രിക് വിമാനം വികസിപ്പിച്ചെടുത്ത കമ്പനിയാണ് ലിലിയം. മ്യൂണിക്കിലെ ലിലിയം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൗദിയ പ്രൈവറ്റ് ഏവിയേഷൻ സി.ഇ.ഒ ഡോ. ഫഹദ് അൽ ജർബുഅ്, ലിലിയം സി.ഇ.ഒ ക്ലോസ് റോയ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
2022 ഒക്ടോബറിൽ ഇരുപക്ഷവും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ കരാർ ഒപ്പിട്ടത്. ‘ഇവിഡോൾ’ വിമാനങ്ങളുടെ ഏറ്റവും വലിയ ഓർഡറാണ് സൗദിയുടേത്. ഇത് ‘ഇവിഡോൾ’ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണ്. കരാറിൽ വിമാനങ്ങളുടെ ഡെലിവറി ഷെഡ്യൂളും സപ്പോർട്ട് സർവിസിന്റെ വിശദവിവരങ്ങളും അറ്റകുറ്റപ്പണി സംബന്ധിച്ച ഗാരന്റിയും ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ‘ലിലിയം പവർ ഓൺ’ കരാറിലും സൗദി ഒപ്പിടാൻ ഉദ്ദേശിക്കുന്നുണ്ട്. അതിൽ വിമാന പരിപാലനവും സപ്പോർട്ട് സർവിസും ഉൾപ്പെടും.
വിമാനത്തിന് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവും.യാത്രക്കാരെ സംബന്ധിച്ചിടത്തോളം മറ്റ് ഗതാഗത മാർഗങ്ങളെക്കാൾ 90 ശതമാനം സമയം ലാഭിക്കാൻ കഴിയും. ബിസിനസ്, എക്സിബിഷൻ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വളരെ സൗകര്യപ്രദമായിരിക്കും ഈ വിമാനങ്ങൾ. അതോടൊപ്പം തീർഥാടകരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും എത്തിക്കാനും ഈ വിമാനങ്ങളെ ഉപയോഗിക്കാനാവും. 2026ൽ ആദ്യ ബാച്ച് വിമാനങ്ങൾ സൗദിയിലെത്തും.