റിയാദ് : ലോകമെമ്പാടുമുള്ള ഒട്ടുമിക്ക സ്ഥാപനങ്ങളെയും ബാധിച്ച ആഗോള സാങ്കേതിക തകർച്ച ഒരു നിലക്കും സൗദി അറേബ്യയെ ബാധിച്ചിട്ടില്ലന്ന് ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സിഎംഎ) അറിയിച്ചു. ആഗോള സാങ്കേതിക തകർച്ചയുടെ തുടക്കം മുതൽ തന്നെ സൗദി സാമ്പത്തിക വിപണിയുമായി ബന്ധപ്പെട്ട മുഴുവൻ വിഭാഗങ്ങളെയും ഏകോപിപ്പിച്ച് അത് ബാധിക്കില്ലെന്ന് ഉറപ്പാക്കിയിരുന്നതെയും സി എം എ അറിയിച്ചു.
ഇത് സൗദി ഫിനാൻഷ്യൽ മാർക്കറ്റിൻ്റെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ സുരക്ഷിതത്വവും ഭാവിയിൽ സാമ്പത്തിക ഇടപാടുകളിൽ എല്ലാ നിക്ഷേപകർക്കും സേവനങ്ങൾ നൽകാനുള്ള പൂർണ്ണ സന്നദ്ധതയും ഉറപ്പുവരുത്തുന്നു. സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും അടിസ്ഥാന സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ച് സർക്കുലർ നൽകിയിട്ടുണ്ടെന്ന് സിഎംഎ അറിയിച്ചു. സൗദി വിപണിയിലെ എല്ലാ നിക്ഷേപകർക്കും സേവനങ്ങൾ നൽകുന്നതിനുള്ള തങ്ങളുടെ സംവിധാനങ്ങളുടെ സുരക്ഷയും സന്നദ്ധതയും സൗദി തദാവുൾ (എക്സ്ചേഞ്ച് ) ഗ്രുപ്പും അറിയിച്ചു.
മുഴുവൻ സമയവും സംവിധനങ്ങൾ നിരീക്ഷിക്കാനും സേവനങ്ങളും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമാക്കാനും സൗദി സാമ്പത്തിക വിപണിയിൽ ബിസിനസ് നിലനിർത്താനും സംവിധാനങ്ങളുടെ കാര്യക്ഷമത സംരക്ഷിക്കാനും സാങ്കേതിക ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള പ്രഖ്യാപനം സിഎംഎയുടെ വെബ്‌സൈറ്റിലും കൊടുത്തിട്ടുണ്ട്.