ബംഗളൂരു: നോർത്ത് കന്നഡ ഷിരൂരിൽ മണ്ണിടിച്ചിലിൽ കണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. അർജുനായുള്ള രക്ഷാദൗത്യം ആരംഭിച്ചിട്ട് ആറ് ദിവസം പിന്നിട്ടു. ഇന്നലത്തെ തെരച്ചിലിനു ശേഷം അർജുന്റെ വാഹനം മണ്ണിനടിയിലില്ലെന്ന് കർണാടക റവന്യു മന്ത്രി അറിയിച്ചിരുന്നു.
റോഡിലെ മണ്ണിന്റെ 98 ശതമാനം മാറ്റിയിട്ടും ട്രക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. മണ്ണിടിച്ചിൽ സാധ്യത കൂടുതലായതിനാൽ ഇനി മണ്ണ് മാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അർജുന്റെ വാഹനം ഗംഗാവാലി പുഴയിൽ ഉണ്ടാവുമെന്ന പ്രതീക്ഷയിൽ ഇന്നത്തെ തെരച്ചിൽ പുഴയിൽ ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ നേവിയുടെ നേതൃത്വത്തിൽ പുഴയിൽ തെരച്ചിൽ നടത്തിയിരുന്നെങ്കിലും വാഹനം കണ്ടെടുത്തില്ലായിരുന്നു. ഇന്നലെ തെരച്ചിലിൽ 40 സേനാ അംഗങ്ങളും പങ്കെടുത്തിരുന്നു. അപകടസ്ഥലം മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ സന്ദർശിച്ചിരുന്നു.