കൊച്ചി: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവും തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21) ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവ് ഇമ്മാനുവലും (29) തൂങ്ങി മരിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു മരിയ വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഇതു കണ്ടയുടൻ ഭർത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും രാത്രി പത്തരയോടെ മരിയ മരണപ്പെടുകയായിരുന്നു.
യുവതിയുടെ മരണത്തിന് പിന്നാലെ ഭർത്താവ് ഇമ്മാനുവേൽ സ്വകാര്യ ആശുപത്രിയുടെ എക്സ്റേ മുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. പുലർച്ചെ മൂന്നു മണിയോടെ ഇമ്മാനുവലിനെ കണ്ട ആശുപത്രി ജീവനക്കാർ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും ഉണ്ട്. മൂന്ന് വർഷം മുന്പാണ് ഇവരുടെ പ്രണയ വിവാഹം നടന്നത്.
ഇന്റീരിയർ ഡെക്കറേഷൻ ജോലി ചെയ്തുവരികയായിരുന്നു മുളവുകാട് സ്വദേശിയായ ഇമ്മാനുവൽ. കൊങ്ങോർപ്പിള്ളി പഴമ്പിള്ളി ചുള്ളിക്കാട്ട് വീട്ടിൽ ബെന്നിയുടെ മകളാണു മരിയ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)