ബെംഗളൂരു: കരയിൽ നിന്നും 40 മീറ്റർ മാറി ഗംഗാവാലി പുഴയിൽ സംശയകരമായ സിഗ്നൽ ലഭിച്ചിട്ടുണ്ടെന്ന് സൈന്യം. തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങില്ലെന്നും സൈന്യം അറിയിച്ചു. അർജുന്റെ ലോറി പുഴയിലേക്കു പതിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യം. നാളെ നാവികസേന ഇക്കാര്യം പരിശോധിക്കും. ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യതയുണ്ടെന്നും സൈന്യം പറയുന്നു. ഗംഗാവാലി പുഴയിലെ കനത്ത ഒഴുക്ക് രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും തെരച്ചിൽ നടത്തുക. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഫെറക്സ് ലൊക്കേറ്റർ 120-യുവുമായിരിക്കും പ്രധാനമായും തെരച്ചിലിന് ഉപയോഗിക്കുക. കരയിലെ മൺകൂനക്ക് അടിയിൽ അർജുനും ലോറിയും ഇല്ലെന്ന് ഇന്നത്തെ തെരച്ചിലിന്റെ അവസാനം സൈന്യം സ്ഥിരീകരിച്ചിരുന്നു. റോഡിലെ മൺ കൂനക്കടിയിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. 98 ശതമാനം മണ്ണും നീക്കി പരിശോധിച്ചിട്ടും ലോറിയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിരുന്നില്ല.