ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് വിഹിതത്തിലെ വിവേചനത്തിൽ പ്രതിഷേധിച്ച് നീതി ആയോഗിന്റെ യോഗം ബഹിഷ്കരിക്കാനൊരുങ്ങി നാല് മുഖ്യമന്ത്രിമാര്‍. മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമാണ് യോഗം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
ജൂലൈ 27ന് നടക്കുന്ന നീതി ആയോഗിന്റെ യോഗമാണ് ബഹിഷ്കരിക്കാനൊരുങ്ങുന്നത് . കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ് സുഖു എന്നിവരാണ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിമാര്‍.
സി ബി ഐ കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും യോഗത്തിൽ സംബന്ധിക്കാൻ കഴിയില്ല, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
വിവേചനപരമായ ബജറ്റ് ആയതിനാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ നീതി ആയോഗിന്റെ യോഗം ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.