ബംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ അർജുന്റെ ട്രക്ക് ഗംഗാവാലി പുഴയിൽ ഇന്ന് കണ്ടെത്തി. ട്രക്ക് കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് കനത്ത മഴ വർഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാത്രി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. .
അപകടം നടന്നത് മുതൽ തുടരുന്ന മഴ രക്ഷാപ്രവർത്തനങ്ങളൾക്ക് വലിയ വെല്ലുവിളിയായിരുന്നു. ദൗത്യത്തിന്റെ സുഗമമായ നടത്തിപ്പിന് മഴ തടസം സൃഷ്ടിക്കുന്നുണ്ട്. പുഴയിൽ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത് നിലവിലുള്ളത്. വിശ്രമം കൊടുക്കാതെ തെരച്ചിൽ ഊർജിതമാക്കി ട്രക്ക് എത്രയും പെട്ടെന്ന് പുറത്ത് എത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ അപകടങ്ങൾക്ക് കാരണമായേക്കുമെന്നത് കൊണ്ട് നാവികസേന പുഴയിൽനിന്ന് തിരികെ കരയിലേക്ക് മടങ്ങിയിരിക്കുകയാണ്. എന്നാൽ പ്രതികൂല കാലാവസ്ഥ മൂലമാണ് രാത്രി രക്ഷാപ്രവർത്തനം നടത്തേണ്ടിതില്ലെന്ന് അധികൃതർ തീരുമാനിച്ചത്.
ഇന്ന് വൈകുന്നേരമാണ് അർജുന്റെ ട്രക്ക് ഗംഗാവാലി പുഴയുടെ അടിത്തട്ടിലുണ്ടെന്ന് കർണാടക റവന്യു മന്ത്രിയും എസ്പിയും സ്ഥിരീകരിക്കുന്നത്. കരയിൽനിന്ന് 40 മീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത്.