പട്‌ന: രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. കിഷോർ നേതൃത്വം നൽകുന്ന ‘ജൻ സുരാജ് കാമ്പയിൻ’ ഒക്ടോബർ രണ്ടുമുതൽ രാഷ്ട്രീയപ്പാർട്ടിയായി മാറും . അടുത്തവർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ രാഷ്ട്രീയ പാർട്ടി മത്സരരംഗത്തുണ്ടാവുമെന്നും കിഷോർ പറഞ്ഞു.
ഞായറാഴ്ച പട്‌നയിൽ നടന്ന ജൻ സുരാജിന്റെ സംസ്ഥാനതല ശില്പശാലയിലാണ് പ്രശാന്ത് കിഷോർ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബീഹാർ മുൻമുഖ്യമന്ത്രിയും ഭാരതരത്ന ജേതാവുമായ കർപുരി ഠാക്കൂറിന്റെ ചെറുമകൾ ജാഗ്രിതി ഠാക്കൂർ പാർട്ടിയിലേക്ക് വന്നത് കിഷോർ സ്വാഗതം ചെയ്തു. ആർ.ജെ.ഡി. മുൻ എം.എൽ.സി. രാംബാലി സിങ് ചന്ദ്രവംശി മുൻ ഐ.പി.എസ്. ഓഫീസർ ആനന്ദ് മിശ്ര തുടങ്ങിയവരും ജൻ സുരാജിൽ ചേർന്നു.
രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് രണ്ടു വർഷം മുൻപാണ് പ്രശാന്ത് കിഷോർ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്.