റിയാദ്: ലോകത്തെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയം നിർമിക്കാൻ സൗദി തയ്യാറെടുക്കുന്നു. തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരൻ സൽമാൻ രാജാവിന്റെ പേരിൽ റിയാദിലാണ് വമ്പൻ സ്റ്റേഡിയമൊരുങ്ങുന്നത്. ‘കിങ് സൽമാൻ സ്റ്റേഡിയം’ എന്നാണ് പേരിട്ടിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ നിർമാണം 2029ഓടെ പൂർത്തിയാകും.
660,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് നിർമ്മാണം. സൽമാൻ രാജാവിന്റെയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും പിന്തുണയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. റിയാദ് സിറ്റിക്ക് വേണ്ടിയുള്ള റോയൽ കമ്മീഷനും കായിക മന്ത്രാലയവും സ്റ്റേഡിയത്തിൻ്റെയും കായിക സൗകര്യങ്ങളുടെയും ഡിസൈനുകളും ഭാവി പദ്ധതികളും പുറത്തിറക്കി. ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ സ്‌പോർട്‌സ് സ്റ്റേഡിയങ്ങളിൽ ഒന്നായി ഇത് മാറും. സൗദി ദേശീയ ടീമിൻ്റെ പ്രധാന വേദിയാവും ഇത്. പ്രധാന കായിക മത്സരങ്ങളും പ്രവർത്തനങ്ങളും സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും.
നിരവധി വാണിജ്യ വിനോദ കേന്ദ്രങ്ങളും സ്റ്റേഡിയത്തിന്റെ പരിസരത്തായി ഉൾപ്പെടുത്തിക്കൊണ്ട് സന്ദർശകർക്ക് ആകർഷകമായ സ്ഥലമാക്കി റിയാദിനെ മാറ്റുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പ്രധാന സ്റ്റേഡിയം 150 സീറ്റുകളുള്ള റോയൽ സ്യൂട്ട്, 120 ഹോസ്പിറ്റാലിറ്റി സ്യൂട്ടുകൾ, 300 വിഐപി സീറ്റുകൾ, വിശിഷ്ട വ്യക്തികൾക്കുള്ള 2,200 സീറ്റുകൾ എന്നിവയുൾപ്പെടെ 92,000 പേർക്ക് ഇരിക്കാവുന്ന സൗകര്യത്തിലാണ് നിർമ്മിക്കുന്നത്. സ്റ്റേഡിയം മുഴുവൻ ശീതീകരിക്കും. സ്റ്റേഡിയത്തിന്റെ അകത്തളത്തിൽ പൂന്തോട്ടങ്ങളും മേൽക്കൂരയിൽ ഒരു വാക്കിങ് ട്രാക്കും ഒരുക്കും.
കിങ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിന്റയും റിയാദിലെ ട്രെയിൻ സ്റ്റേഷനിന്റെയും പ്രധാന റോഡ് ശൃംഖലകളുടെയും അടുത്താണ് സ്റ്റേഡിയത്തിന്റെ നിർമാണം. ഇത് നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സന്ദർശകർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കും. റിയാദിൻ്റെ വടക്കൻ ഭാഗത്ത് കിങ് സൽമാൻ റോഡിൽ കിങ് അബ്ദുൽ അസീസ് പാർക്കിനോട് ചേർന്നാണ് സ്റ്റേഡിയം വരുന്നത്. പ്രദേശത്ത് 360,000 ചതുരശ്ര മീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്ന കായിക സൗകര്യങ്ങളും കിങ് സൽമാൻ സ്റ്റേഡിയത്തിൻ്റെ പൊതു പദ്ധതിയിൽ ഉൾപ്പെടുന്നതാണ്. സ്‌പോർട്‌സ് ഹാൾ, ഒളിമ്പിക്‌സ് വലിപ്പത്തിലുള്ള നീന്തൽക്കുളം, അത്‌ലറ്റിക്‌സ് ട്രാക്ക്, വോളിബോളിനുള്ള ഔട്ട്‌ഡോർ കോർട്ടുകൾ, ബാസ്കറ്റ്ബോൾ, പാഡൽ ടെന്നീസുമെല്ലാം ഇതിന്റെ ഭാഗമാണ്.