മുംബൈ: ഉയർന്ന നിലവാരമുള്ള ടെക്‌നോ ഫാൻ്റം വി ഫോൾഡ് മൊബൈൽ ഫോൺ ഓർഡർ ചെയ്ത മുംബൈ സ്വദേശിക്ക് ഓൺലൈൻ ഭീമനായ ആമസോൺ എത്തിച്ചു നൽകിയത് അര ഡസൻ ചായ കപ്പുകൾ.
ബൃഹൻ മുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) കമ്പനിയിലെ ഡെപ്യൂട്ടി എഞ്ചിനീയറായ അമർ ചവാനാണ് ആമസോണിൽ നിന്ന് ഈ അനുഭവം ഉണ്ടായത്. ജൂലൈ 13 ന് ഓൺലൈനായി 54,999 രൂപ അടച്ച്, ടെക്‌നോ ഫാൻ്റം വി ഫോൾഡ് മൊബൈൽ ഫോൺ ഓർഡർ ചെയ്ത അദ്ദേഹത്തിന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ പാഴ്സൽ വന്നു. തുറന്ന് നോക്കിയപ്പോൾ ആറ് ചായക്കപ്പുകളാണ് കണ്ടതെന്ന് അദ്ദേഹം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ആമസോണിനെയും വിൽപ്പന സ്ഥാപനത്തെയും ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടിയൊന്നും ലഭിച്ചില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. ആമസോണിൻ്റെ ഉദ്യോഗസ്ഥർക്കെതിരെ വഞ്ചന കുറ്റത്തിന് ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റീട്ടെയിലർക്കെതിരെ അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആമസോൺ ഇന്ത്യ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.