തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സമഗ്ര പുനരധിവാസത്തിൻ്റെ ഭാഗമായി പുതിയ സുരക്ഷിത ടൗൺഷിപ്പ് നിർമിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി സുരക്ഷിതമായ പുതിയ സ്ഥലം കണ്ടെത്തുമെന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന സഹായ വാഗ്ദാനങ്ങൾ ഏകോപിപ്പിക്കാൻ ജോയിൻ്റ് ലാൻഡ് റവന്യൂ കമ്മീഷണർ എം ഗീതയെ സർക്കാർ നിയോഗിച്ചതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
ദുരിത ബാധിതരെ സമഗ്രമായ രീതിയിൽ പുനരധിവസിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ആ ജോലി വേഗത്തിൽ പൂർത്തിയാക്കാൻ നല്ല ആസൂത്രണവും അധ്വാനവും ആവശ്യമാണ്. ഒരു വലിയ ജനവാസ മേഖല അവിടെ പൂർണ്ണമായും അപ്രത്യക്ഷമായി. പുതിയ സ്ഥലത്ത് സുരക്ഷിതമായ പുതിയ ടൗൺഷിപ്പ് നിർമ്മിക്കുന്നതിനുള്ള ചർച്ചകൾ ഭരണതലത്തിൽ ആരംഭിച്ചിട്ടുണ്ട്,അദ്ദേഹം പറഞ്ഞു.
സർക്കാർ അതിൻ്റെ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് മാതൃകാപരമായ രീതിയിൽ ഈ പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. വളരെ വിശദമായ പുനരധിവാസ പദ്ധതിയും സർക്കാർ ഉടൻ തയ്യാറാക്കും.
ഉരുൾപൊട്ടലിൽ തകർന്ന സ്‌കൂളിലെ വിദ്യാർഥികൾക്ക് ക്ലാസ് തുടരുന്നതിനുള്ള ക്രമീകരണങ്ങൾക്കായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉടൻ വയനാട്ടിലെത്തും . സ്കൂളിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ ദുരന്തത്തിൽ മരിച്ചു. എന്നിരുന്നാലും, ഈ പ്രതിസന്ധി ബാക്കിയുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തരുത് മുഖ്യമന്ത്രി പറഞ്ഞു
മാറുന്ന കാലത്തിനനുസരിച്ച് കാലാവസ്ഥാ ഏജൻസികൾ തങ്ങളുടെ സംവിധാനത്തിൽ മാറ്റം വരുത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രി ബന്ധപ്പെട്ട ഏജൻസികൾക്ക് പ്രക്യതി ദുരന്തങ്ങൾ മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ കഴിയുന്നില്ലന്ന് കുറ്റപ്പെടുത്തി. വയനാട് ദുരന്തത്തിൻ്റെ മൂലകാരണം മനസ്സിലാക്കുന്നതിനും പ്രകൃതിദുരന്തങ്ങൾക്കുള്ള വിപുലമായ പ്രവചന ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനുമായി വിശദമായ അന്വേഷണങ്ങൾ നടത്തും. ഐഎഫ്‌സിസിഎസിൽ മതിയായ മനുഷ്യവിഭവശേഷിയും സൗകര്യങ്ങളും ഉറപ്പാക്കും, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.