38.9 C
Saudi Arabia
Monday, July 7, 2025
spot_img

പുതിയ ഹജ്ജ് നയം: കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ അയക്കും – ഹജ്ജ് അവലോകനയോഗം

തിരുവനന്തപുരം: ഹജ്ജ് 2024 അവലോകന യോഗം തിരുവനന്തപുരത്ത് ചേർന്നു. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടന നടപടികള്‍ പൂര്‍ത്തിയായതോടെയാണ്   മന്ത്രി വി അബ്ദുര്‍റഹ്മാന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നത്. ഹജ്ജ് നടപടിക്രമങ്ങളില്‍ യോഗം പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറത്തിറക്കിയ പുതിയ 2025 ലെ ഹജ്ജ് നയം യോഗം വിശദമായി ചര്‍ച്ച ചെയ്തു. സംവരണ വിഭാഗത്തിന്റെ വയസ്സ് 70ല്‍ നിന്ന് 65 ആക്കിയതില്‍ അവലോകന യോഗം സന്തുഷ്ടി രേഖപ്പെടുത്തി. പോളിസി സംബന്ധിച്ച സംസ്ഥാന ഹജജ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന് അയക്കാന്‍ തീരുമാനിച്ചു.

കേരളത്തിലെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങള്‍ വഴി 18,200 തീര്‍ഥാടകരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇത്തവണ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ടിരുന്നത്. ഇതില്‍ 17,920 പേര്‍ സംസ്ഥാനത്ത് നിന്നുള്ളവരും 280 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. 90 പേരാണ്  തീര്‍ഥാടകരുടെ സേവനത്തിനായി ഹാജിമാരെ അനുഗമിച്ചു.

ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ ഹാജിമാരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനയച്ച വര്‍ഷമായിരുന്നു ഇത്.  2019 ലായിരുന്നു ഏറ്റവും കൂടുതല്‍ ഹാജിമാരെ യാത്രയാക്കിയിരുന്നത്. 13,811 പേരായിരുന്നു അന്ന് ഹജ്ജിന് പുറപ്പെട്ടത്.ഹജ്ജ് വേളയില്‍ ഹാജിമാര്‍ക്കുണ്ടായ ചില പ്രയാസങ്ങളും ബുദ്ധിമുട്ടുകളും  യഥാസമയം ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ, മൈനോറിറ്റി വകുപ്പ്, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, നോര്‍ക്ക, എംബസി  എന്നിവരെ അറിയിക്കുകയും പരിഹാരം കാണുകയും ചെയ്തിരുന്നു.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ന്യൂനപക്ഷ ക്ഷേമ സെക്രട്ടറി പ്രണബ്ജ്യോതി നാഥ്, എക്സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി മൊയ്തീന്‍ കുട്ടി, ഡോ. ഐ പി അബ്ദുല്‍ സലാം, കെ എം മുഹമ്മദ് കാസിം കോയ പൊന്നാനി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പി ടി അക്ബര്‍, ന്യൂനപക്ഷ ഡെപ്യൂട്ടി സെക്രട്ടറി വി ആര്‍ ബിന്ദു, ഹജ്ജ് കമ്മിറ്റി അസ്സി. സെക്രട്ടറി എന്‍ മുഹമ്മദലി, പി കെ അസ്സയിന്‍, ഹജ്ജ് മന്ത്രിയുടെ ഓഫീസ് അസ്സി. പ്രൈവറ്റ് സെക്രട്ടറി ജി ആര്‍ രമേശ്, അസീം, യൂസുഫ് പടനിലം പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles