മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്ന വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തസ്ഥലം സന്ദർശിച്ച അദ്ദേഹത്തിന് കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ സംഭവങ്ങൾ വിശദീകരിച്ചു നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നവർ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. ചൂരൽമലയിൽ സൈന്യം നിർമ്മിച്ച ബെയ്‍ലി പാലത്തിലൂടെയാണ് നരേന്ദ്ര മോദി മറുകരയിലെത്തിയത്.
വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ദുരന്തഭൂമിയിൽ ആകാശനിരീക്ഷണം നടത്തിയശേഷമാണ് പ്രധാനമന്ത്രി ചൂരൽമലയിലെത്തിയത്. കല്പറ്റ എസ്.കെ.എം.ജെ. സ്കൂൾ മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങി റോഡ് മാർഗമാണ് മോദി ദുരന്തമുണ്ടായ ചൂരൽമലയിൽ എത്തിയത്.
ചൂരൽമലയിൽനിന്ന് പ്രധാനമന്ത്രി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദുരിതബാധിതരെ സന്ദർശിക്കും. ശേഷം ദുരിതാശ്വാസക്യാമ്പിലും എത്തും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ ചേരുന്ന അവലോകനയോഗത്തില്‍ പങ്കെടുത്ത് 3.15-ന് തിരികെ കണ്ണൂരിലേക്ക് പോകും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദല്‍ഹിയിലേക്ക് മടങ്ങും.