തൃശൂർ: വയനാടിന്റെ പുനരധിവാസത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷ നൽകുന്നതാണ്. പുനരധിവാസം ഉറപ്പാക്കുകയും ഭാവിയിൽ ഇത്തരം ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെടില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യണമെന്ന് സതീശൻ പറഞ്ഞു.
ദുരന്തങ്ങൾക്ക് മുൻപ് വ്യക്തമായ മുന്നറിയിപ്പ് നൽകാൻ സംവിധാനമുണ്ടാക്കണം. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാതെ പോയതാണ് പ്രശ്നമായത്. ഈ വിഷയത്തിൽ വയനാടിനെ പ്രത്യേകം പരിഗണിക്കണം. ദുരന്തം നടക്കുന്നതിന് മുമ്പ് കാലാവസ്ഥ മാറ്റങ്ങളെ കുറച്ച് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
കേരളത്തിലെ കാലാവസ്ഥ മാറ്റങ്ങൾ മുന്നില് കണ്ടു കൊണ്ടാണ് കെ റെയിലിനോട് നോ പറഞ്ഞത്. തീരദേശ ഹൈവേ വേണ്ട എന്ന് പറഞ്ഞ കാരണവും ഇതാണ്. വയനാടിന്റെ പുനരധിവാസം സംബന്ധിച്ച ആശയങ്ങൾ സർക്കാറിന് സമർപ്പിക്കും. വയനാടിന്റെ വീണ്ടെടുപ്പിന് യു ഡി എഫ് പൂർണമായും സഹകരിക്കും.
ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകാനുള്ള തീരുമാനം കോൺഗ്രസ് ഏകകണ്ഠമായി എടുത്തതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.