കൽപറ്റ : നാനൂറോളം പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്തത്തിൽ കേരളത്തെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി. രാജ്യം ദുരിത ബാധിതരുടെ കൂടെയാണെന്നും പണം പുനരധിവാസത്തിന് ഒരു തടസ്സമാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സഹായം എത്രയും വേഗം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വയനാട് ഉരുൾപ്പെട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നോ കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനെ കുറിച്ചോ പ്രധാനമന്ത്രി ഒന്നും പ്രതികരിച്ചില്ല.
നൂറുകണക്കിന് ആളുകളുടെ സ്വപ്‌നമാണ് വയനാട്ടിൽ തകര്‍ന്നത്. ദുരന്തബാധിതരോടൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനം. ദുരന്തബാധിതര്‍ക്കൊപ്പമാണ് രാജ്യം. പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്. പണം അതിന് ഒരു തടസ്സമാകില്ല. ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും കേന്ദ്രം ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ദുരന്തമുഖത്ത് എല്ലാവരും ഒന്നിച്ചുനിന്നു. കേന്ദ്രത്തിന് എല്ലാ വിവരങ്ങളും നൽകാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തിലകപ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്ന് ദുരന്തത്തെ നേരിടണം. കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികള്‍ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.