ന്യൂ ഡൽഹി: ഓഹരിവിപണിയിലെ പരമോന്നത നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ ചെയര്‍പേഴ്സണ്‍ മാധബി പുരിക്കും ഭര്‍ത്താവിനും അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ പങ്കുണ്ടെന്ന അതീവ ഗൗരവമായ വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്. 2023 ജനുവരിയിൽ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിൻ്റെ കടബാധ്യതയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സ്ഥാപനമാണ് അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്.
ബെര്‍മുഡയിലും മൗറീഷ്യസിലും പ്രവര്‍ത്തിക്കുന്ന ഫണ്ട് കമ്പനികളിലാണ് ബുച്ചിനും ഭര്‍ത്താവിനും ഓഹരികളുള്ളതായി വ്യക്തമായത്. ഫണ്ടുകളിലൂടെയാണ് ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് പറയുന്നു
ഓഹരി നിക്ഷേപകരെ കബളിപ്പിച്ച അദാനി ഗ്രൂപ്പിനെതിരെ സെബി ഫലപ്രദമായ നടപടി സ്വീകരിക്കാത്തത് ഇത്തരം ബന്ധമുള്ളതുകൊണ്ടാണെന്നും റിപ്പോര്‍ട്ടിൽ ആരോപിക്കുന്നു. അദാനി ഗ്രൂപ്പിലേക്ക് വിദേശത്തുനിന്ന് പണമിറക്കാന്‍ വിനോദ് അദാനി മൗറീഷ്യസ് ആസ്ഥാനമായ ഐപിഇ പ്ലസ് ഫണ്ട് എന്ന ദുരൂഹ സാമ്പത്തിക സ്രോതസ്സിനെയാണ് ആശ്രയിച്ചിരുന്നത്. 2015 ജൂണ്‍ മുതല്‍ മാധബി പുരിയ്ക്കും ഭര്‍ത്താവിനും ഐപിഇ പ്ലസ് ഫണ്ടില്‍ രഹസ്യ നിക്ഷേപമുണ്ട്.
ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ സാമ്പത്തിക ഇടപാടുകളും ജീവിതവും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ചും ഭർത്താവ് ധാവൽ ബുച്ചും തിരിച്ചടിച്ചു. 2023 അദാനി ഗ്രൂപ്പിനെതിരെ ഇറക്കിയ അടിസ്ത്ന രഹിത ആരോപണങ്ങൾക്ക് കാണിക്കൽ നോട്ടീസ് അയച്ചതിന് ഹിൻഡൻബർഗ് പകവീട്ടുകയാണെന്നും അവർ ആരോപിച്ചു