റിയാദ് : സൗദി ഫാൽക്കൺസ് ക്ലബ് സംഘടിപ്പിച്ച ഇൻ്റർനാഷണൽ ഫാൽക്കൺ ബ്രീഡേഴ്‌സ് ലേലത്തിൽ പോളിഷ് ഫയർ ഫാൽക്കൺസ് ഫാമിൽ നിന്ന് ഒരു ഫാൽക്കൺ വിറ്റഴിച്ചത് ഒരു ലക്ഷത്തിൽ പരം റിയാലിന്. നിലവായിലെ വിനിമയ നിരക്ക് പ്രകാരം ഇരുപത്തിമൂന്ന് ലക്ഷം രൂപയോളം വരും ഇതിന്റെ വില. ലോകമെമ്പാടുമുള്ള 16 രാജ്യങ്ങളിൽ നിന്നുള്ള 35-ലധികം പ്രമുഖ ഫാൽക്കൺ പക്ഷി വിദഗ്‌ധരും വളർത്തുന്നവവരും ഒരുമിക്കുന്ന ഫാൽക്കൺ മേള ഓഗസ്റ്റ് 24 വരെ റിയാദിന് വടക്ക് മാൽഹാമിലുള്ള ക്ലബിൻ്റെ ആസ്ഥാനത്ത് തുടരും
ഫാൽക്കണുകളുടെ ലേലത്തിന് സാക്ഷ്യം വഹിക്കാൻ ഫാൽക്കൺ പ്രേമികളുടെ വലിയ ജനക്കൂട്ടമാണ് സൗദി ഫാൽക്കൺസ് ക്ലബ് നടത്തുന്ന ഫാൽക്കൺ മേളക്ക് എത്തുന്നത്. പോളിഷ് ഫയർ ഫാൽക്കൺസ് ഫാമിൽ നിന്ന് തന്നെയുള്ള പ്രാദേശികമായി ഹർ എന്നറിയപ്പെടുന്ന മറ്റൊരു ഫാൽക്കൺ 65,000 റിയാലിൻ്റെ ലേലത്തിന് കച്ചവടമായി.
ഓസ്ട്രിയൻ ഫാൽക്കൺ ലൈൻ ഫാമിൽ നിന്നുള്ള ഷഹീൻ ഫാൽക്കൺ 32,000 റിയാലിനാണ് വിറ്റഴിച്ചത്. ആദ്യമായി ലേലത്തിൽ പങ്കെടുക്കുന്ന കനേഡിയൻ ജോൺ ലഗൂൺ ഫാമിൽ വളർത്തുന്ന ഫാൽക്കണും 32,000 റിയാലിന് വിറ്റു. കനേഡിയൻ റൂഹ് ഫാമിൽ നിന്നുള്ള ഫാൽക്കണിനെ 38,000 റിയാലിനാണ് ലേലം അവസാനിപ്പിച്ചത്.
9,000 വർഷത്തിലേറെയായി അറബ് പൈതൃകത്തിലും സംസ്കാരത്തിലും അവിഭാജ്യ ഘടകമായ ഫാൽകാണുകൾ സൗദി അറേബ്യയുടെ കൂടാതെ വിവിധ അറബ് രാജ്യങ്ങളുടെ ദേശീയ പക്ഷിയാണ്. ധൈര്യത്തിൻ്റെയും ശക്തിയുടെയും പ്രതീകങ്ങളായി അവയെ കണക്കാക്കപ്പെടുന്നു.