35 C
Saudi Arabia
Friday, October 10, 2025
spot_img

ആശാ വർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സേവനം വിലമതിക്കാനാവാത്തത്; കേളി സെമിനാർ

റിയാദ് : ദുരന്ത മുഖത്ത് ആശാ വർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സേവനം വിലമതിക്കാനാവാത്തതാണെന്ന് കേളി സംഘടിപ്പിച്ച ‘സമകാലീന ഇന്ത്യയിലെ കേരളം മാതൃകയും വെല്ലുവിളികളും എന്ന സെമിനാർ അഭിപ്രായപ്പെട്ടു.

കേളി കേന്ദ്ര സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ  ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. കേരള വികസന മാതൃകകൾ രാജ്യത്തിനും ലോകത്തിനും തന്നെ മാതൃകയാണെന്നും, എന്നാൽ യുവത തുടർ പഠനത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് നമുക്ക് നിയന്ത്രിക്കാനാകണമെന്നും എങ്കിൽ മാത്രമേ സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാഖ് മോഡറേറ്ററായ സെമിനാറിൽ കമ്മറ്റി അംഗം ഫൈസൽ കൊണ്ടോട്ടി പ്രബന്ധം അവതരിപ്പിച്ചു. കേരളം കണ്ട മഹാ പ്രളയങ്ങളിലും കോവിഡ് മഹാമാരിയിലും, പകർച്ചവ്യാധി പ്രതിരോധ വേളകളിലും ഏറ്റവും വിജയം കൈവരിച്ച മാതൃകയായ കേരളമോഡൽ ലോക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം കേരളത്തിലെ ആശാ വർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നിസ്തുലമായ പ്രവർത്തനം വിവരണങ്ങൾക്ക് അതീതമാണ്. കുടുംബശ്രീയെ തകർക്കാൻ ലക്ഷ്യമിട്ട് യുഡിഎഫ് സർക്കാർ ജനശ്രീ പദ്ധതി കൊണ്ടുവന്നപ്പോൾ ഘടക കക്ഷി ആയിട്ട് പോലും മുസ്ലിംലീഗ് കുടുംബശ്രീക്ക്  ഒപ്പമാണ് നിലകൊണ്ടതെന്ന് സെമിനാറിൽ സംസാരിച്ച കെഎംസിസി പ്രതിനിധി യുപി മുസ്‌തഫ പറഞ്ഞു.

സമ്പത്തിന്റെ വളർച്ച കൊണ്ട് മാത്രം കൈവരുന്നതല്ല ഒരു സമൂഹത്തിന്റെ പുരോഗതി, അത് വിഭവങ്ങളുടെയും സംവിധാനങ്ങളുടെയും വിതരണവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഏറ്റവും അവസാന മനുഷ്യനെയും പരിഗണിക്കുന്ന ഒരു ആസൂത്രണ സംവിധാനത്തിന് മാത്രമേ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയൂ. അത്തരം ഒരു മാതൃക ലോകത്തിനു നൽകാൻ കേരള മോഡലിന് സാധിച്ചിട്ടുണ്ടെന്നു പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഫൈസൽ കൊണ്ടോട്ടി പറഞ്ഞു. അതോടൊപ്പം കുടുംബാസൂത്രണം, കുട്ടികളുടെ വിദ്യാഭ്യാസത്തിലെ ശ്രദ്ധ, വയോജനങ്ങളെ ചേർത്തു പിടിക്കൽ, ആരോഗ്യപരിപാലനം,വിശിഷ്യാ സ്ത്രീ ശാസ്തീകരണ പദ്ധതികൾ തുടങ്ങി നിരവധിയായ വിഷയങ്ങളിൽ കേരളം രാജ്യത്തിന്  മാതൃകയാണെന്ന് കുടുംബവേദി സെക്രട്ടറി സീബാ കൂവോട് അഭിപ്രായപ്പെട്ടു.

കേരള മോഡൽ ലോക മാതൃകയാണെന്നും അപരന്റെ ദുഃഖം സ്വന്തം ദുഃഖമായി കാണാനുള്ള കേരളീയരുടെ വികാരം ലോകത്തിനുമുന്നിൽ തല ഉയർത്തി നിൽക്കാൻ മലയാളികളെ പ്രാപ്തരാക്കുന്നു എന്നും ഇത്തരം മാതൃകളെ തുരങ്കം വെക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന വളരെ ചെറിയ ചില പുഴുകുത്തുകളെ നുള്ളി കളയേണ്ടതുണ്ടെന്നും റിയാദ് മീഡിയഫോറം പ്രതിനിധി ഷിബു ഉസ്മാൻ പറഞ്ഞു.

ഓഐസിസി പ്രതിനിധി അഡ്വക്കേറ്റ് എൽകെ അജിത്, കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടന്തോർ, സാമൂഹ്യ പ്രവർത്തകൻ മുനീബ് പാഴൂർ, റസൂൽ സലാം, കേളി കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം ഷഹീബ വി കെ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ചില്ല സർഗ്ഗവേദി കോഡിനേറ്റർ സുരേഷ്ലാൽ, കേളി അംഗങ്ങളായ ഷെബി അബ്ദുൽസലാം,തോമസ്ജോയ്, ടിബി നൗഷാദ്, ബിനീഷ്, ശിഹാബുദ്ദീൻ കുഞ്ചീസ്, സത്താർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കേളി രക്ഷധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സാംസ്കാരിക കമ്മറ്റി ചെയർമാൻ വിനയൻ സ്വാഗതവും ജോയിന്റ്കൺവീനർ  മൂസ കൊമ്പൻ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles