തിരുവനന്തപുരം: പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പുതിയ നീക്കവുമായി പിണറായി സര്‍ക്കാർ. മലയാളികള്‍ കൂടുതല്‍ വസിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ സിനിമാ തിയറ്ററുകളിൽ സർക്കാരിന്റെ പരസ്യങ്ങൾ പ്രദർശിപ്പിക്കും. കേരളത്തിന്റെ വികസനം സംബന്ധിച്ചുള്ള പരസ്യങ്ങള്‍ നല്‍കാനാണ് തീരുമാനം. 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ 28 ദിവസം പ്രദര്‍ശിപ്പിക്കും.
കേരളത്തിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലെ മാതൃകകള്‍, സവിശേഷനേട്ടങ്ങള്‍, ഭരണനേട്ടങ്ങള്‍ എന്നിവ വിശദീകരിച്ചാണ് പരസ്യങ്ങൾ തെയ്യാറാക്കുക. ഇത്തരം തിയേറ്റര്‍ പരസ്യങ്ങള്‍ അഞ്ചു സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. 18 ലക്ഷത്തി 19,843 രൂപയാണ് ഇതിനായി കഴിഞ്ഞ ദിവസം അനുവദിച്ചത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി തുടങ്ങി മലയാളിസാന്നിധ്യമേറെയുള്ള സംസ്ഥാനങ്ങളിലെ 100 തിയേറ്ററുകളിലാണ് 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുക.
പിആർഡിയുടെ എംപാനല്‍ഡ് ഏജന്‍സികൾ, സാറ്റലൈറ്റ് ലിങ്ക് വഴി തിയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം നടത്തുന്ന ക്യൂബ്, യുഎഫ്ഒ എന്നിവരെ പ്രദര്‍ശനം ക്രമീകരിക്കാന്‍ ചുമതലപ്പെടുത്തും. ഇന്റര്‍സ്റ്റേറ്റ് പബ്ലിക് റിലേഷന്‍സ് പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് വ്യാഖ്യാനം.
അതേ സമയം, ഇതിനെതിരെ വിമർശനവും ഉയർന്നു വന്നിട്ടുണ്ട്, പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾ മുണ്ട് മുറുക്കിയുടുത്ത് സർക്കാറിനെ സഹായിക്കുമ്പോൾ, ഭരണകൂടം പി ആർ വർക്കിന് പണം ദൂർത്ത് അടിക്കുകയാണ്. ഭരണ രംഗത്തുണ്ടായ വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിന് പകരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. തെരെഞ്ഞെടുപ്പ് നൽകിയ പാഠങ്ങൾ ദൂരന്തങ്ങളുടെ മറവിൽ മറക്കാൻ ശ്രമിക്കുകയാണ് സർക്കാരെന്നും ഇടതു സഹയാത്രികർ കുറ്റപ്പെടുത്തുന്നു.