റിയാദ്: സൗദി ഫാൽക്കൺസ് ക്ലബ് സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ഫാൽക്കൺ ബ്രീഡേഴ്‌സ് ലേലത്തിന്റെ നാലാം ദിനം മൂന്ന് ഫാൽക്കണുകളുടെ വിൽപന നടത്തി. മൊത്തം 122,000 റിയാലിനാണ് വിൽപന നടത്തിയത്. ബ്രിട്ടീഷ് ഫാമിൽ നിന്നുള്ള രണ്ടു ഗിർഫാൽക്കണുകളെ 43,000 റിയാലിനും 48,000 റിയാലിനും ഫ്രഞ്ച് വെയിൽ ഫാമിൽ നിന്നുള്ള ഗിർഫാൽക്കണിനെ 31,000 റിയാലിനുമാണ് വിറ്റഴിച്ചത്.
ഓഗസ്റ്റ് 24 വരെ നടക്കുന്ന പരിപാടിയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള 35-ലധികം ഫാൽക്കൺ ഫാമുകളാണ് പങ്കെടുക്കുന്നത്. പന്ത്രണ്ട് ദിവസങ്ങളിലായാണ് ലേലം നടക്കുക. ലേലത്തിന്റെ ദൃശ്യങ്ങൾ ടിവി ചാനലുകളിലും ക്ലബ്ബിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.