തിരുവനന്തപുരം: ചലച്ചിത്രരംഗത്തെ ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കുന്നതിന് സർക്കാർ അന്വേഷണ സംഘത്തെ നിയമിച്ചു. ഉയർന്ന വനിതാ പോലീസ് ഓഫീസർമാർ ഉൾപ്പെടുന്ന ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഐ ജി സ്പർജർ കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. മുതിർന്ന ഐ പി എസ് ഓഫീസർമാരായ എസ്.അജീത ബീഗം, ജി.പൂങ്കുഴലി, മെറിന് ജോസഫ്, ഐശ്വര്യ ഡോങ്ക്റെ, എസ്.മധുസൂദനന്, വി.അജിത്ത് എന്നിവരാണ് സംഘത്തിലുള്ളത്. എഡിജിപി എച്ച്.വെങ്കിടേഷായിരിക്കും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക.
ഞായറാഴ്ച മുഖ്യമന്ത്രി ഡിജിപിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തെ നിയമിച്ചത്. ആരോപണം ഉണയുയിച്ചവരിൽ നിന്നും സംഘം മൊഴിയെടുക്കും. ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ കേസെടുക്കുകയും ചെയ്യും. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് അന്വേഷണത്തിന് കാരണം.
അമ്മയുടെ മുൻ പ്രസിഡൻറ് നടൻ സിദ്ദിഖ്, സംവിധായകൻ രഞ്ജിത്ത് എന്നിവർക്കെതിരെ നടിമാർ ഉയർത്തിയ ആരോപണങ്ങളാണ് മുഖ്യമായും അന്വേഷിക്കുന്നത്. പാലേരി മാണിക്യം എന്ന സിനിമയുടെ ഒഡീഷനുമായി ബന്ധപ്പെട്ട് രഞ്ജിത്ത് മോശമായി പെരുമാറി എന്ന് ബംഗാളി നടി ശ്രീലേഖ മിത്ര പരാതിപ്പെട്ടിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവെക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്കുമുൻപ് സിദ്ദിഖ് പീഡിപ്പിച്ചെന്ന യുവനടിയുടെ ആരോപണത്തെ തുടർന്ന് സിദ്ദീഖ് അമ്മ പ്രസിഡൻറ് സ്ഥാനവും രാജിവെച്ചിരുന്നു.