പാലക്കാട്: കാൽനട യാത്രക്കാരിയായ യുവതി കാറിടിച്ചു മരിച്ചു. ചാലിശേരി-കൂറ്റനാട് റോഡിൽ ന്യൂബസാർ സ്റ്റോപ്പിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതിയെ കാറിടിക്കുകയായിരുന്നു. വലിയപള്ളി കോട്ട ടി.എസ്.കെ. നഗർ സ്വദേശി ശ്രീപ്രിയയാണ് (19) അപകടത്തിൽ മരിച്ചത്.
ബസ് സ്റ്റോപ്പിൽ ബസിറങ്ങിയ ശ്രീപ്രിയ റോഡിന്റെ പകുതി ഭാഗം മുറിച്ച് കടന്നിരുന്നു. ഈ സമയത്ത് കൂറ്റനാട് ഭാഗത്ത് നിന്നും വേഗതയിൽ വന്ന കാർ ശ്രീ പ്രിയയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിന്റെ മറുഭാഗത്ത് ശ്രീപ്രിയയുടെ അമ്മ ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുകയായിരുന്ന അമ്മയുടെ മുമ്പിൽ വെച്ചാണ് അപകടം ഉണ്ടായത്.
ശ്രീപ്രിയയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർ നടപടി ക്രമങ്ങൾ പോലീസ് സ്വീകരിച്ചു വരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും