തിരുവനന്തപുരം: എ ഡി ജി പി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പി വി അന്‍വര്‍ എം എല്‍ എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം ഡി ജി പിയായിരിക്കും അന്വേഷിക്കുക.
എല്ലാ കാര്യവും ശരിയായ നിലയില്‍ സര്‍ക്കാര്‍ പരിശോധിക്കും. ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. പ്രശ്‌നങ്ങളെ അതിന്റെ എല്ലാ ഗൗരവവും നില നിര്‍ത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികള്‍ വച്ചു പൊറുപ്പിക്കില്ലെന്നും ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.
എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ കൊലപാതകം നടത്തിയിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമിനെ റോള്‍ മോഡലാക്കിയ നെട്ടോറിയസ് ക്രിമിനലാണ് അദ്ദേഹമെന്നും പിവി അന്‍വര്‍ കഴിഞ്ഞ ദിവസം പഞ്ഞിരുന്നു. മന്ത്രിമാരുടെതടക്കം രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ് കോളുകള്‍ എം ആര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ചോര്‍ത്തുന്നുണ്ടന്നും പിവി അന്‍വര്‍ ആരോപിച്ചിരുന്നു.അതെ സമയം ക്രമമസമാധാന ചുമതലയില്‍ നിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റും. പകരം ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ ചുമതലപ്പെടുത്താനാണ് സാധ്യത. സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, ഫോണ്‍ ചോര്‍ത്തല്‍, സോളാര്‍ കേസ് അട്ടിമറി അടക്കം ഗുരുതര ആരോപണങ്ങളാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പി വി അന്‍വര്‍ എംഎല്‍എ അജിത് കുമാര്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ത്തിയത്.