തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണത്തില്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചുള്ള ഉത്തരവിറങ്ങി. ഇന്നലെയാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഷെയ്ക് ദര്‍വേഷ് സാഹിബ് (ഡിജിപി), ജി സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ ആന്‍ഡ് സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തില്‍.
ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ട പി വി അന്‍വര്‍ എംഎല്‍എയും പത്തനംതിട്ട എസ്പി സുജിത്ത് ദാസും തമ്മിലുള്ള സംഭാഷണങ്ങളിലെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഉണ്ടായ വിവാദങ്ങളാണ് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും നടപടികളിലേക്കും വഴിവെച്ചിരിക്കുന്നത്.



