ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിയിൽ ഇറാൻ മിസൈൽ പതിച്ചു; വിഷവാതക ചോർച്ചാ ഭീതിയിൽ ദക്ഷിണ ഇസ്രായേൽ

ബീർഷെബ: ദക്ഷിണ ഇസ്രായേലിലെ തന്ത്രപ്രധാനമായ നിയോട്ട് ഹൊവാവ് ഇൻഡസ്ട്രിയൽ സോണിലുള്ള കെമിക്കൽ ഫാക്ടറിയിൽ ഇറാൻ തൊടുത്ത മിസൈൽ പതിച്ചു. ഞായറാഴ്ച വൈകുന്നേരമുണ്ടായ ഈ ആക്രമണത്തെത്തുടർന്ന് ഫാക്ടറിയിൽ വൻ തീപിടുത്തമുണ്ടാവുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബീർഷെബ നഗരത്തിൽ നിന്നും ആറ് മൈൽ അകലെയുള്ള ഈ വ്യാവസായിക മേഖലയിൽ അപകടകരമായ രാസവസ്തുക്കൾ സൂക്ഷിച്ചിട്ടുള്ളതിനാൽ, പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും ജനലുകളും വാതിലുകളും അടച്ചിടണമെന്നും ഇസ്രായേൽ അധികൃതർ കർശന നിർദ്ദേശം നൽകി.

ചൈനീസ് ഉടമസ്ഥതയിലുള്ള സിൻജെന്റ ഗ്രൂപ്പിന്റെ ഭാഗമായ ‘അഡാമ’ എന്ന കമ്പനിയുടെ മഖ്തേഷിം പ്ലാന്റിലാണ് മിസൈൽ പതിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സസ്യസംരക്ഷണത്തിനാവശ്യമായ കീടനാശിനികളും രാസവസ്തുക്കളും ഉൽപ്പാദിപ്പിക്കുന്ന ഈ ഫാക്ടറിയിൽ മിസൈൽ നേരിട്ട് പതിച്ചതാണോ അതോ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വീണതാണോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. വിഷവാതക ചോർച്ചയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പരിസരപ്രദേശങ്ങളിലേക്കുള്ള റോഡുകൾ പോലീസ് അടച്ചു. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിന് തിരിച്ചടിയായാണ് ഇറാൻ ഇസ്രായേലിലെ സാമ്പത്തിക-വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles