34 C
Saudi Arabia
Friday, August 22, 2025
spot_img

യെച്ചൂരി അന്തരിച്ചു

ന്യൂഡൽഹി: സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്‌ ഡൽഹി ഓൾ ഇന്ത്യാ ഇൻസ്‌റ്റിട്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. കടുത്ത പനിയെ തുടർന്ന് ആഗസ്ത് 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ മൾട്ടി ഡിസിപ്ലിനറി ടീമിന്റെ മേൽനോട്ടത്തിലായിരുന്നു പരിചരണം. ഇടയ്ക്ക് നില മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിലായി. ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് അന്ത്യം.

പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സീമ ചിസ്‌തിയാണ് ഭാര്യ. യുകെയിൽ സർവകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവർത്തകൻ പരേതനായ ആശിഷ്‌ യെച്ചൂരി എന്നിവർ മക്കളാണ്. സർവേശ്വര സോമയാജി യെച്ചൂരി- കൽപ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12നാണ് സീതാറാം ജനിച്ചത്. ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിഎ ഓണേഴ്‌സ് പഠനം. ജെഎൻയുവിൽ നിന്ന് എംഎ പൂർത്തിയാക്കി. സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണം തുടങ്ങിയെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായതോടെ മുടങ്ങി.

ജവഹർലാൽ നെഹ്‌റു സർവ്വകലാശാല വിദ്യാർത്ഥിയായിരിക്കെ 1974ലാണ് എസ്എഫ്‌ഐ അംഗമായത്. 1977 ൽ ഡൽഹി ജവഹർലാൽനെഹ്‌റു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1978ൽ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. തുടർന്ന് പ്രസിഡന്റ് പദവിയിലുമെത്തി.

 

1975ലാണ് സിപിഐ എം അംഗമായത്. 1985ൽ 12ാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി അംഗമായി. പി സുന്ദരയ്യ, ഇ എം എസ്, ബി ടി ആർ, ഹർകിഷൻ സിങ്‌ സുർജിത്, ബസവ പുന്നയ്യ, ജ്യോതിബസു തുടങ്ങിയ മുതിർന്ന നേതാക്കൾക്കൊപ്പം പ്രവർത്തിച്ചു. 1992ൽ നടന്ന 14-ാം പാർട്ടി കോൺഗ്രസ് സമ്മേളനത്തടെ പൊളിറ്റ്ബ്യൂറോയിൽ എത്തി.

2005 മുതൽ -2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. 1996ലെ ഐക്യമുന്നണി സർക്കാരിന്റെയും 2004ലെ ഒന്നാം യുപിഎ സർക്കാരിന്റെയും രൂപീകരണത്തിൽ നിർണായക പങ്ക്‌ യെച്ചൂരിക്കുണ്ട്.

 

യുപിഎ- ഇടതുപക്ഷ ഏകോപനസമിതി അംഗമായിരുന്നു.

വിശാഖപട്ടണത്ത്‌ 2015ൽ നടന്ന 21-ാം പാർട്ടി കോൺഗ്രസിലാണ്‌ പ്രകാശ് കാരാട്ടിന്റെ പിൻഗാമിയായി യെച്ചൂരി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഹൈദരാബാദ്‌, കണ്ണൂർ പാർട്ടി കോൺഗ്രസുകൾക്ക് പിന്നാലെയും ജനറൽ സെക്രട്ടറിയായി തുടർച്ച ലഭിച്ചു. ലെഫ്റ്റ ഹാൻഡ് ഡ്രൈവ്, വാട്ട് ഈസ് ഹിന്ദു രാഷ്ട്ര, സോഷ്യലിസം ഇൻ ട്വന്റിഫസ്റ്റ് സെഞ്ചുറി, കമ്യൂണലിസം വേഴ്‌സസ് സെക്യുലറിസം, ഘൃണ കി രാജ്‌നീതി (ഹിന്ദി) തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളിൽ പാണ്ഡിത്യമുണ്ടായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles