ന്യൂദൽഹി: അതിഷി മർലേന ദൽഹി മുഖ്യമന്ത്രിയാവും. കേജ്രിവാളിന്റെ വീട്ടിൽ ചേർന്ന എം എൽ എമാരുടെ യോഗത്തിലാണ് തീരുമാനം. കേജ്രിവാൾമന്ത്രിസഭയിൽ വിദ്യാഭ്യാസം,പൊതുമരാമത്ത് ഉൾപ്പടെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. ദൽഹി കൽക്കാജി മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ് അതിഷി. കേജ്രിവാൾ തന്നെയാണ് അതിഷിയുടെ പേര് നിർദ്ദേശിച്ചത്.
സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും പിന്നാലെ മുഖ്യമന്ത്രിയാവുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയ അതിഷി ദൽഹി സ്‌കൂളുകളിലെ വിദ്യാഭ്യാസ പരിഷ്കരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മദ്യനയ അഴിമതിക്കേസിൽ കേജ്രിവാളും മനീസ് സിസോദിയയും ഇ ഡി കസ്റ്റഡിയിലായിരുന്നപ്പോൾ പാർട്ടിയെ കെട്ടുറപ്പോടെ നിർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു.
മുഖ്യമന്ത്രി കേജ്രിവാൾ അപ്രതീക്ഷിതമായ രാജിപ്രഖ്യാപനം നടത്തിയത് രണ്ട് ദിവസം മുൻപാണ്. ഇന്ന് വൈകീട്ടോടെ ഗവർണർക്ക് രാജി കത്ത് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.