27.5 C
Saudi Arabia
Thursday, October 9, 2025
spot_img

‘എക്സ് ഇ സി’; കൊവിഡിന്റെ പുതിയ വകഭേദം പടരുന്നു. ലക്ഷണങ്ങള്‍ അറിയാം

ലണ്ടന്‍ : കൊവിഡിന്റെ പുതിയ വകഭേദം യൂറോപ്പില്‍ അതിവേഗം പടരുന്നതായി പുതിയ റിപ്പോര്‍ട്ട്. എക്സ് ഇ സി (XEC) എന്ന കൊവിഡ് വകഭേദമാണ് പടരുന്നത്. ജൂണില്‍ ജര്‍മനിയിലാണ് പുതിയ വകഭേദം ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം, യു കെ, യു എസ്, ഡെന്‍മാര്‍ക്ക് തുടങ്ങി നിരവധി രാജ്യങ്ങളില്‍ എക്സ് ഇ സി വകഭേദം അതിവേഗം പടര്‍ന്നു.

നിലവില്‍ യൂറോപ്പില്‍ പ്രബലമായ കെ എസ്1.1, കെ പി3.3 എന്നീ മുന്‍കാല ഒമൈക്രോണ്‍ സബ് വേരിയന്റുകളുടെ ഒരു ഹൈബ്രിഡാണ് എക്സ് ഇ സി വകഭേദം. ഇതുവരെ, പോളണ്ട്, നോര്‍വേ, ലക്‌സംബര്‍ഗ്, ഉക്രെയ്ന്‍, പോര്‍ച്ചുഗല്‍, ചൈന എന്നിവയുള്‍പ്പെടെ 27 രാജ്യങ്ങളില്‍ നിന്നുള്ള 500 സാമ്പിളുകളില്‍ എക്‌സ്ഇസി കണ്ടെത്തിയതായി ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

ഡെന്മാര്‍ക്ക്, ജര്‍മനി, യു കെ, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ എക്സ് ഇ സി വകഭേദത്തിന്റെ ശക്തമായ വളര്‍ച്ച വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വാക്സിനുകള്‍ കേസുകള്‍ ഗുരുതരമാകുന്നത് തടയാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

‘മറ്റ് സമീപകാല കൊവിഡ് വേരിയന്റുകളെ അപേക്ഷിച്ച് എക്‌സ് ഇ സിക്ക് കൂടുതല്‍ വ്യാപിക്കാനുള്ള ശേഷിയുണ്ട്. വാക്സിനുകളിലാണ് പ്രതീക്ഷ. ശൈത്യകാലത്ത് എക്സ് ഇ സി ശക്തമായ സബ് വേരിയന്റായി മാറിയേക്കാം’ – ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിലെ ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫസര്‍ ഫ്രാങ്കോയിസ് ബലൂക്‌സ് ബി ബി സിയോട് പറഞ്ഞു.

ലക്ഷണങ്ങള്‍
പനി, തൊണ്ടവേദന, ചുമ, ഗന്ധമില്ലായ്മ, വിശപ്പില്ലായ്മ, ശരീരവേദന എന്നിവയുള്‍പ്പെടെ മുന്‍കാല കൊവിഡ് വകഭേദങ്ങളുടേതിന് സമാനമാണ് എക്സ് ഇ സി വകഭേദത്തിന്റെ ലക്ഷണങ്ങളെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വാക്‌സിനുകളും ബൂസ്റ്റര്‍ ഷോട്ടുകളും ഗുരുതരമായ രോഗങ്ങളില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതില്‍ നിന്നും മതിയായ സംരക്ഷണം നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

- Advertisement -spot_img

Latest Articles