ഖത്തർ: താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ചേളന്നൂർ സ്വദേശി ഷഫീഖ് (36) മരണപെട്ടു. താമസസ്ഥലത്തിന് സമീപമുള്ള റൂമിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചു അബോധാവസ്ഥയിൽ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കാക്കുഴിയിൽ ചെത്തിൽ ഉമറിന്റെയും ഖദീജയുടെയും മകനാണ്.
കഴിഞ്ഞ 19 നായിരുന്നു ഷഫീഖ് താമസിച്ചിരുന്ന റൂമിനു സമീപം ഷോർട് സർക്യൂട്ടിനെ തുടർന്ന് തീപടർന്നിരുന്നത്. ഷഫീഖ് ജോലി കഴിഞ്ഞു റൂമിലെത്തി വിശ്രമിക്കുന്ന സമയത്താണ് തീ പിടുത്തമുണ്ടായത്. ഉടനെ ഷഫീഖ് സുഹൃത്തുക്കളെ ഫോണിൽ വിളിച്ചറിയിച്ചെങ്കിലും റൂമിൽ നിന്നും പുറത്തു കടക്കാനായില്ല.
സിവിൽ ഡിഫൻസ് ഉദ്യോഗസ്‌ഥരെത്തി വാതിൽ തുറന്നാണ് അകത്തു പ്രവേശിച്ചത്. അബോധാവസ്ഥയിലായ ഷെഫീഖിനെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. നാലു ദിവസം വെന്റിലേറ്ററിൽ കിടന്ന ഷഫീഖ് ഇന്ന് മരണപ്പെടുകയായിരുന്നു.