മലപ്പുറം: മുഖ്യമന്ത്രിക്കും സി പി എമ്മിനുമെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തിയ അൻവറിനെ പിന്തുണക്കാനില്ലെന്ന് കെ ടി ജലീൽ എം എൽ എ. അൻവറിന്റെ നിലപാടുകൾ അദ്ദേഹത്തിന് ശരിയായിരിക്കാമെന്നും അദ്ദേഹത്തിന് ബോധ്യമുള്ളത് അദ്ദേഹം പ്രവർത്തിക്കുന്നു, അതിനെ പിന്തുണക്കാൻ ഞാനില്ലെന്നും ജലീൽ പറഞ്ഞു.
മുഖ്യമന്ത്രിയെ ആർ എസ് എസുമായി ചേർത്ത് പറയുന്നതിനോട് യോജിക്കാനാവില്ല. ആർ എസ് എസിനെതിരെ ശതമായ നിലപാട് സ്വീകരിക്കുന്നയാളാണ് പിണറായി വിജയൻ. പല ഘട്ടങ്ങളിലും സമയങ്ങളിലും ആർ എസ് എസിനെ ശക്തമായി പ്രതിരോധിച്ച ചരിത്രമാണ് പിണറായി വിജയനുള്ളത്. ആർ എസ് എസിനെ പ്രതിരോധിക്കുന്നതിൽ എന്നും മുന്നിലുള്ള വ്യക്തിയും പ്രസ്ഥാനവുമാണ് പിണറായിയും സി പി എമ്മുമെന്ന് കെ ടി ജലീൽ പറഞ്ഞു.
എ ഡി ജി പി അജിത് കുമാർ ആർ എസ് എസ് നേതാക്കളുമായി ചർച്ച നടത്തിയത് ശരിയല്ല. അത് വ്യക്തിപരമായാലും അല്ലെങ്കിലും യോജിക്കാനാവില്ല. ആർ എസ് എസ് നേതാക്കളെയും ജമാഅത്തെ ഇസ്‌ലാമി നേതാക്കളെയും ഒരു പൊലീസ് ഉദ്യോഗസ്ഥൻ കാണാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. റിപ്പോർട്ടുകൾ വരുന്ന മുറക്ക് തീർച്ചയായും നടപടികൾ ഉണ്ടാവും എന്ന് തന്നെയാണ് എന്റെ വിശ്വാസം.
പാർലമെന്ററി രംഗത്തുനിന്നും ഞാൻ മാറി നിൽക്കും സി പി എമ്മിനെ തള്ളിപ്പറയില്ലെന്നും എന്നും പാർട്ടിയോടും ഇടത് മുന്നണിയോടും നന്ദിയുയുള്ളവനായിരിക്കുമെന്നും ശിഷ്ട ജീവിതം എഴുത്തും യാത്രയുമായി മുന്നോട്ട് പോകുമെന്നും ജലീൽ പറഞ്ഞു.