തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയുമായി എ കെ ജി സെന്ററിൽ കൂടിക്കാഴ്‌ച നടത്തി. സി പി എം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ മാസ്റ്ററും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
എ ഡി ജി പി എം ആർ അജിത്കുമാറിനെ മാറ്റണമെന്ന ആവശ്യം ബിനോയ് വിശ്വം വീണ്ടും ഉന്നയിച്ചതായി അറിയുന്നു. റിപ്പോർട്ട് വരെ കാത്തിരിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞതത്രെ. ഡി ജി പിയിൽ നിന്നുള്ള റിപ്പോർട്ട് ലഭിക്കേണ്ട സമയം നാളെ അവസാനിക്കാനിക്കേയാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടത്. നിയമ സഭ സമ്മേളനം ആരംഭിക്കുന്നതിന്റെ മുന്നെ എ ഡി ജി പിയെ മാറ്റണമെന്നാണ് സി പി ഐ നേരത്തെ ആവശ്യപ്പെട്ടത്.
വിവാദം ഉയർന്നത് മുതൽ എ ഡി ജി പി വിഷയത്തിൽ കടുത്ത നിലപാടായിരുന്നു സി പി ഐ എടുത്തിരുന്നത്. മുന്നണി യോഗത്തിലും അല്ലാതെയും ഈ ആവശ്യം ആവർത്തിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി വഴങ്ങിയിരുന്നില്ല. ഘടക കക്ഷികളും എ ഡി ജി പി യെ മാറ്റണമെന്ന നിലപാടിൽ തന്നെയായിരുന്നു.