തിരുവനന്തപുരം: അവസാനം എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ നടപടിയുമായി സർക്കാർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി സർക്കാർ ഉത്തരവിറക്കിയെങ്കിലും ബറ്റാലിയന്റെ ചുമതല അദ്ദേഹത്തിന് തന്നെയായിരിക്കും. അവസാന നിമിഷം വരെ അജിത്കുമാറിനെ സംരക്ഷിക്കുന്ന നിലപാടിൽ തന്നെയായിരുന്നു മുഖ്യമന്ത്രി. ഇപ്പോഴെടുത്ത നടപടിയും നാമമാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു.
അജിത് കുമാറിനെതിരെ നടപടി വേണമെന്ന് കേരളീയ സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും അന്വേഷണ റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു മുഖ്യമന്ത്രി. അവസാനം അന്വേഷണ റിപ്പോർട്ട് വന്നപ്പോൾ എടുത്ത നടപടിയും പ്രഹസനമായി. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു നടപടി. ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിനാണ് ക്രമസമാധാന ചുമതല നൽകിയത്.
ക്രമസമാധാന ചുമതലയിൽ നിന്നും അജിത് കുമാറിനെ സായുധ പോലീസ് ബറ്റാലിയനിലേക്ക് സ്ഥലം മാറ്റിയെന്നാണ് സർക്കാർ ഉത്തരവ്. ആർ എസ് എസ് നേതാക്കളെ കണ്ടതുൾപ്പടെ ഡി ജി പിയുടെ അന്വേഷണ റിപ്പോർട്ടിൽ ഉണ്ടെന്നാണ് അറിയുന്നത്. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ റിദാൻ, മാമി കേസുകളിൽ അജിത്കുമാറിന്റെ പങ്ക് സൂചിപ്പിച്ചിരുന്നു. ഡി ജി പി നൽകിയ റിപ്പോർട്ടിലും അന്വേഷണത്തിലെ വീഴ്ചകൾ സൂചിപ്പിച്ചിട്ടുണ്ട്.