തൃശൂർ: തലോർ വടക്കുമുറിയിൽ ഭാര്യയെ വെട്ടി കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. തലോർ പൊറത്തുകാരൻ വീട്ടിൽ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് അറിയുന്നത്.
ലിഞ്ചുവിനെ വീട്ടിനകത്തുവെച്ചു കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളിൽ തൂങ്ങി മരിക്കുകയായിരുന്നു. വെട്ടേറ്റ ലിഞ്ചുവിന്റെ കരച്ചിൽ മൂന്നു മണിയോടെ കേട്ടിരുന്നതായി സമീപ വാസികൾ പറയുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചെത്തിയ പുതുക്കാട് പോലീസ് വാതിൽ തുറന്നു നോക്കിയപ്പോഴാണ് ലിഞ്ചുവിനെ മരിച്ച നിലയിൽ കണ്ടത്. ലിഞ്ചുവിന്റെ മുഖത്തും കഴുത്തിനും വെട്ടുകത്തി കൊണ്ടുള്ള വെട്ടേറ്റിരുന്നു. ചെവി മുഖത്തുനിന്നും വേർപെട്ടിരുന്നു. കൊലപാതകത്തിന് ശേഷം ജോജു ടെറസിൽ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു.
ലിഞ്ചു ബ്യുട്ടീഷനാണ്. ജോജു താലോരിൽ വർക്ക് ഷോപ് നടത്തിവരികയാണ്. ഒന്നര വര്ഷം മുൻപാണ് ഇരുവരും വിവാഹം ചെയ്തത്. നേരത്തെ വിവാഹിതരായ രണ്ടു പേർക്കും മക്കളുണ്ട്. മക്കൾ ഇവരോടൊപ്പം തന്നെയാണ് താമസം. കുട്ടികൾ സ്‌കൂളിൽ പോയ സമയത്താണ് കൊലപാതകം നടന്നത്.
ഇവർ തമ്മിൽ പ്രശ്നങ്ങൾ നടക്കുന്നതായി അയൽവാസികൾ പറഞ്ഞു. ഇത് സംബന്ധിച്ചു പുതുക്കോട് സ്റ്റേഷനിൽ പരാതിയും നിലവിലുണ്ട്. പുതുക്കോട് പോലീസ് സ്ഥലത്തെത്തി ബുധനാഴ്ച ഇൻക്വസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു.