കൊല്ലം: കലക്ടറേറ്റ് ബോംബ് സ്ഫോടന കേസിൽ ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികൾ കുറ്റക്കാരെന്നു കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടത്തി. നാലാം പ്രതിയെ കോടതി വെറുതെ വിട്ടു.
തമിഴ്‌നാട് സ്വദേശികളും നിരോധിത സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരുമാണ് പ്രതികൾ. ഷംസൂൻ കരീം രാജ് (33), അബ്ബാസ് അലി (31), ദാവൂദ് സുലൈമാൻ (27) എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി നാലാം പ്രതി ഷംസുദ്ധീനെ(28) വെറുതെ വിട്ടു.
കേസിന്റെ അന്തിമ വാദം ഒക്ടോബർ 18നു പൂർത്തിയായിരുന്നു. അഞ്ചാം പ്രതി മുഹമ്മദ് അയ്യൂബിനെ നേരത്തെ മാപ്പ് സാക്ഷിയാക്കിയിരുന്നു. പ്രതികൾ തിരുവവനന്തപുരം സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുകയാണ്.
2016 ജൂൺ 15നു രാവിലെയായിരുന്നു കൊല്ലം സിവിൽ സ്റ്റേഷനിൽ സ്ഫോടനം നടന്നത്. മുൻസിഫ് കോടതിക്കു മുന്നിൽ നിർത്തിയിട്ടിരുന്ന തൊഴിൽ വകുപ്പിന്റെ ജീപ്പിലായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിലൊരാൾക്ക് പരിക്കേൽക്കുകയും ജീപ്പ് ഭാഗികമായി തകരുകയുംചെയ്തിരുന്നു.