36 C
Saudi Arabia
Monday, July 7, 2025
spot_img

‘പ്രവാസ സഹിത്യം; പ്രതീക്ഷ’ ചർച്ച ശ്രദ്ധേയമായി

റിയാദ്: അലിഫ് ഇന്റർനാഷണൽ സ്‌കൂളിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സാഹിത്യ ചർച്ച ശ്രദ്ധേയമായി. റിയാദിലെ സാഹിത്യ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങ് സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ഉത്ഘാടനം ചെയ്തു. ജോസഫ് അതിരുങ്കൽ, സബീന എം സാലി, എം ഫൈസൽ, നജിം കൊച്ചുകലുങ്ക് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ബീന ഫൈസൽ മോഡറേറ്ററായിരുന്നു.

കേരള പിറവിയുടെ അറുപത്തിയെട്ടാമത്‌ വാർഷികം ആഘോഷിക്കുമ്പോൾ അറുപത്തിനാല് വയസ്സുള്ള ഗൾഫ് പ്രവാസത്തെ മറക്കരുതെന്ന് ജോസഫ് അതിരുങ്കൽ പറഞ്ഞു. ആയിരത്തി തൊള്ളായിരത്തി അറുപതുകൾ മുതൽ ഗൾഫ് പ്രവാസമുണ്ട്. ഇപ്പോഴുള്ളത് മൂന്നാം തലമുറയാണ്. ആദ്യ കാല കുടിയേറ്റത്തിലെ മനുഷ്യരുടെ ജീവിതം പോലും വേണ്ടരീതിയിൽ ഗൾഫ് സാഹിത്യത്തിൽ വന്നിട്ടില്ല. നാടും വീടും വിട്ട മനുഷ്യരാണ് ഇന്നത്തെ കേരളത്തെ നിർമ്മിച്ചത്. അവരുടെ വ്യത്യസ്‍തമായ ജീവിതം ഇനിയും ആവിഷ് കരിക്കപ്പെടേണ്ടതായിട്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസി സാഹിത്യം എന്നൊരു സാഹിത്യമില്ലെന്നും തൊഴിൽ തേടി പ്രവാസലോകത്തെത്തിയവർ അവരുടെ അനുഭവങ്ങൾ വളച്ചു കെട്ടില്ലാതെ തുറന്നെഴുതുമ്പോഴാണ് മികച്ച സാഹിത്യങ്ങൾ പിറവിയെടുക്കുന്നതെന്നും സബീന എം സാലി.  ഇവിടുത്തെ അനുഭവങ്ങൾ തുറന്നെഴുതാൻ എഴുത്തുകാർ തയ്യാറാവണം. സൗദിയിലെ സാഹിത്യകാരന്മാർക്ക് ഒത്തുചേരാനും ചർച്ച ചെയ്യാനും പൊതു ഇടം ഉണ്ടാവേണ്ടതിന്റെ അനിവാര്യതയും പ്രമുഖ എഴുത്തുകാരിയും കവയത്രിയുമായ സബീന എം സാലിപറഞ്ഞു.

സാഹിത്യം തന്നെ പ്രവാസമാണ്, സഞ്ചരിക്കാതെ ഒരാൾക്കും എഴുതാനാകില്ല. ലോകസഞ്ചാരം നടത്തി മലയാളത്തിന് കരുത്ത് പകർന്ന എഴുത്തുകാരും തൊഴിൽ തേടി അകലെ പോയി എഴുതിയ പ്രമുഖരുമുണ്ടെന്ന് പറഞ്ഞ എം ഫൈസൽ ഡയസ്പൊറ സാഹിത്യത്തിൻറെ പ്രധാന മൂന്ന് സവിശേഷതകൾ കൂടി ചൂണ്ടികാണിച്ചു. സ്വദേശത്തുനിന്ന് പറിച്ചെടുത്തു പോരുന്ന വേരും എത്തിപ്പെട്ടയിടത്തെ മണ്ണിലാഴ്ത്താൻ ശ്രമിക്കുന്ന വേരുമാണ് ഒന്ന്. മറ്റൊരു സവിശേഷത അകത്താൾ/പുറത്താൾ എന്ന പ്രതിസന്ധിയാണ്. സ്വത്വപരമായും രാഷ്ട്രീയമായും മലയാളി ഗൾഫിന്റെ സാമൂഹികമോ, രാഷ്ട്രീയമോ ആയ ‘സ്വവസതിക്ക്’ അകത്താകുന്നില്ല. അകത്താകാൻ ആഗ്രഹിക്കുന്നുമില്ല. മൂന്നാമത്തെ സവിശേഷത ഗൃഹാതുരത്വമാണ്. അതുമാത്രമാണ് മലയാളി പ്രവാസലോകത്ത് ലാളിക്കുന്ന ഒന്ന്. അതുകൊണ്ടുമാത്രം ആഴമുള്ള പ്രവാസസാഹിത്യം ഉണ്ടാകില്ലെന്നും എങ്കിലും മലയാളികളുടെ ഗൾഫ് പ്രവാസത്തിൽ നിന്ന് കൂടുതൽ ഉൽകൃഷ്ടമായ എഴുത്തുകൾ ഭാവിയിൽ ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും എം ഫൈസൽ പറഞ്ഞു.

വിഭവ സമൃദ്ധമാണ് പ്രവാസ ലോകത്തെ സാഹിത്യസാഹിത്യരംഗമെന്നും ബാബു ഭരദ്വാജിനും വി മുസഫർ അഹമ്മദിനും ശേഷം കിടയറ്റ സൃഷ്ഠികൾ ഇനിയും പിറവിയെടുക്കേണ്ടതുണ്ടെന്നും അതിന് വേണ്ട മെറ്റീരിയലുകൾ ഇവിടെ സുലഭമാണെന്നും നജിം കൊച്ചുകലുങ്ക് അഭിപ്രായപ്പെട്ടു.

മലയാളി സാഹിത്യം ലോകവായനയിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് നാമിപ്പോഴുള്ളതെന്ന് ബീന പറഞ്ഞു. സഹറു നുസൈബ കണ്ണനാരി ഈ വർഷത്തെ ജെ സി ബി പുരസ്‌കാര ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ നോവൽ ‘വല്ലി’ യുടെ രചയിതാവ് ഷീല ടോമി ഖത്തർ പ്രവാസിയാണ്. ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന നോവൽ പ്രവാസത്തെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നുണ്ട്. കുറഞ്ഞ കൃതികൾ കൊണ്ടു ഷീല ടോമി മലയാളസാഹിത്യത്തിൽ വലിയ ഇടമാണ് നേടിയെടുത്തത്. അതുകൂടിയാണ് പ്രവാസസാഹിത്യം നമുക്ക് തരുന്ന പ്രതീക്ഷയെന്നും അവർ അഭിപ്രായപെട്ടു.

ആനന്ദും എം മുകുന്ദനും പോലുള്ള സാഹിത്യപ്രതിഭകൾ മലയാളത്തിൽ നിന്ന് പ്രവാസകൃതികൾ രചിച്ചവരാണ്. സഞ്ചാര സാഹിത്യത്തിലൂടെ വിലപ്പെട്ട രചനകൾ നൽകി ഗൾഫ് പ്രവാസ സാഹിത്യത്തെ ബലപ്പെടുത്തിയവരാണ് ബാബു ഭരദ്വാജും വി. മുസഫർ അഹമദും. കുടിയേറ്റ മലയാളികളിൽ നിന്നും ധാരാളം രചനകൾ ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നുണ്ട്. ഷാർജ പുസ്തകോത്സവത്തിന്റെ ഭാഗമായി പുതിയ പുസ്തകങ്ങൾ പ്രസിദ്ധപ്പെടുന്നതും പ്രതീക്ഷ നൽകുന്നു. ഗൾഫ് പ്രവാസികൾക്കിടയിലെ നിലവാരമില്ലാത്ത പുസ്തകങ്ങളും തട്ടിക്കൂട്ട് അവാർഡുകളും ഡയസ്പോറ ലിറ്ററേച്ചറിന് മേലുള്ള പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതായി ബീന  വിലയിരുത്തി.

പ്രകാശം പരത്തിയ 15 വർഷങ്ങൾ എന്ന തലകെട്ടിൽ നടക്കുന്ന വാർഷികതോടനുബന്ധിച്ചു നടന്ന ബുക്ക് ഫെയർ അലിഫ് ഗ്രൂപ് ഓഫ് സ്‌കൂൾസ് സി ഇ ഒ ലുഖ്‌മാൻ അഹ്‌മദ്‌ ഉദ്‌ഘാടനം ചെയ്തു. ഖമർ ബാനു, സന്ധ്യാ ഷാജി, അനസ് കാരയിൽ സംബന്ധിച്ചു. മലയാളത്തിലെ പ്രമുഖരുടെ തെരെഞ്ഞെടുത്ത അഞ്ഞൂറോളം രചനകൾ ബുക്ക് ഫെയറിൽ ലഭ്യമാക്കിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles