പാലക്കാട്: പെട്ടി വിഷയത്തിൽ പാർട്ടി നിലപാട് ആവർത്തിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പെട്ടി വിഷയം അടഞ്ഞ അധ്യയമല്ലെന്നും ഈ വിഷയം ഉൾപ്പടെ തെരെഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്നും സെക്രട്ടറി പറഞ്ഞു.
പെട്ടി വിഷയത്തിൽ പാർട്ടിയിൽ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു. ഞാൻ പറയുന്നതാണ് പാർട്ടി നിലപാട് മറ്റുള്ളവർ പറയുന്നത് സിപിഎമ്മിന്റെ അഭിപ്രായമല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സിപിഎം ഒരു ബാഗിന്റെ പിന്നാലെ പോകുന്ന പാർട്ടിയല്ല. തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വന്നതാണ് ബാഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ. അല്ലതെ രാഷ്ട്രീയ പ്രശ്നമായി വന്നതല്ല. യാദൃശ്ചികമായി വന്ന പ്രധാനപ്പെട്ട വിഷയമാണിത്. ഇത് ഉപേക്ഷിക്കേണ്ട ആവശ്യമില്ല.
ശരിയായ അന്വേഷണം നടത്തണം വസ്ത്രം കൊണ്ടുപോവുകയെന്നു പറഞ്ഞത് തെറ്റാണെന്ന് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. നീലയും കറുത്തതുമുൾപ്പടെയുള്ള ബാഗുകൾ കുഴൽ പണവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യേണ്ട രാഷ്ട്രീയ പ്രശ്നമാണ്. ഇതുൾപ്പടെ രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം പെട്ടി പ്രശ്നമല്ല പാലക്കാട് ചർച്ചചെയ്യേണ്ടതെന്നും വികസനകാര്യമാണ് ഉപ തെരെഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്നും സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് ആവർത്തിച്ചു.